Delhi Blast: മനുഷ്യ മനസാഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തക്കതായ ശിക്ഷ നല്‍കണമെന്ന് പിണറായി
Kerala CM condemns Delhi Blast: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് ഡല്‍ഹിയിലുണ്ടായ സ്‌ഫോടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി കണ്ടെത്തണമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍
തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് ഡല്‍ഹിയിലുണ്ടായ സ്‌ഫോടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പിണറായി ആഹ്വാനം ചെയ്തു. ഇതുപോലൊരു ദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് 6.52നാണ് സ്‌ഫോടനമുണ്ടായത്. ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനമുണ്ടായത്. സിഗ്നലില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി.
Also Read: Delhi Blast Live : രാജ്യതലസ്ഥാനം നടുങ്ങി; ഡൽഹി സ്ഫോടനത്തിൽ പത്തിലേറെ മരണം
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതീവ ജാഗ്രതയിലാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നു നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.