Kerala Extreme Poverty-Free: ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴാണ് കേരളം സാക്ഷരത കൈവരിച്ചത്. അതുപോലൊരു നേട്ടമിത് – റസൂൽ പൂക്കുട്ടി
Resul Pookutty on Kerala Extreme Poverty-Free: അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിലേക്ക് വനിതാ അഭിനേതാക്കളെ അതിഥികളായി ക്ഷണിക്കാത്തതിനെ നടൻ ജോയ് മാത്യു വിമർശിച്ചു. "കേരളത്തിൽ നടികൾക്ക് അത്ര ദാരിദ്ര്യമോ?" എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Resul Pookutty
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ഒരു വൻ കുതിച്ചുചാട്ടമാണെന്ന് ഓസ്‌കർ ജേതാവും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനുമായ റസൂൽ പൂക്കുട്ടി. കേരളം ലോകത്തിനുതന്നെ മാതൃകയാവുന്ന ചരിത്രനിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് കേരളം സാക്ഷരത കൈവരിച്ചത്. അതുപോലൊരു നേട്ടമാണിത്. വിശ്വസിക്കാൻ പറ്റാത്ത ഈ നേട്ടം തുടർന്നും മുന്നോട്ടുപോവട്ടെ,” റസൂൽ പൂക്കുട്ടി പറഞ്ഞു.
Also read – അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി : മമ്മൂട്ടി മുഖ്യാതിഥി, മോഹൻലാലും കമലഹാസനും എത്തില്ല
കേരളപ്പിറവി ദിനത്തിൽ തന്നെ ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേൽക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. “കേരളപ്പിറവി ദിവസം തന്നെ ചുമതല ഏറ്റെടുക്കുന്നു. അന്നുതന്നെ ഇത്രയും വലിയൊരു ചരിത്ര നിമിഷത്തിൽ പങ്കെടുക്കാൻ കഴിയുന്നു,” അദ്ദേഹം പ്രതികരിച്ചു.
വിമർശനവുമായി ജോയ് മാത്യു
അതേസമയം, അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിലേക്ക് വനിതാ അഭിനേതാക്കളെ അതിഥികളായി ക്ഷണിക്കാത്തതിനെ നടൻ ജോയ് മാത്യു വിമർശിച്ചു. “കേരളത്തിൽ നടികൾക്ക് അത്ര ദാരിദ്ര്യമോ?” എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പ്രഖ്യാപനത്തിൽ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സർക്കാർ മുഴുപേജ് പരസ്യം നൽകിയെങ്കിലും മോഹൻലാലും കമൽഹാസനും പരിപാടിയിൽ പങ്കെടുത്തില്ല.
പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ നടൻ മമ്മൂട്ടിയെ മന്ത്രി വി. ശിവൻകുട്ടി വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. എന്നാൽ, അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മമ്മൂട്ടി തയ്യാറായില്ല. മാധ്യമങ്ങളോട് മറുപടി നൽകാതെ അദ്ദേഹം വാഹനത്തിൽ കയറിപ്പോവുകയായിരുന്നു.