Kerala Fake Lottery Tickets: ആ ലോട്ടറി എടുക്കരുതേ, ഉറപ്പായും പെടും
2024 ഡിസംബർ 24 ന് കരുമാതംപട്ടി ബാലാജി നഗറിലെ 42 കാരനായ നാഗരാജിന്റെ വീട്ടിൽ കരുമാതംപട്ടി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
സംസ്ഥാനത്ത് ലോട്ടറിയെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം, വ്യാജൻമാരിൽപ്പെടുന്നവരും നിരവധിയാണ്. ഇത് ഏറ്റവുമധികം അനുഭവിക്കുന്നത് സമീപ സംസ്ഥാനങ്ങളിലെ ആളുകളാണ്. 2025 ൽ മാത്രം 14.87 ലക്ഷം രൂപയുടെ 37,406 നിരോധിത ലോട്ടറി ടിക്കറ്റുകളാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പോലീസ് പിടികൂടിയത്. ഇതേ വർഷം തമിഴ്നാട് ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം 691 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. അനധികൃത ലോട്ടറി വിൽപ്പനയിൽ 723 പേരെ കോയമ്പത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്യുകയും 6.04 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർ ഷം ഈ പ്രവണത കുത്തനെ ഉയർന്നിട്ടുണ്ട്. 2024 ൽ 62,791 നിരോധിത ലോട്ടറി ടിക്കറ്റുകൾ പോലീസ് പിടിച്ചെടുക്കുകയും 2.25 കോടി രൂപ പണം വീണ്ടെടുക്കുകയും ചെയ്തു.
പിടിച്ചെടുത്തതിൽ 2 കോടിയും
2024 ഡിസംബർ 24 ന് കരുമാതംപട്ടി ബാലാജി നഗറിലെ 42 കാരനായ നാഗരാജിന്റെ വീട്ടിൽ കരുമാതംപട്ടി പോലീസ് തിരച്ചിൽ നടത്തിയിരുന്നു. നിരോധിക്കപ്പെട്ട 1,900 ലോട്ടറി ടിക്കറ്റുകളും രണ്ട് കോടി രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത തുകയിൽ രണ്ട് ലക്ഷത്തിലധികം രൂപ 2,000 രൂപ മൂല്യമുള്ള നോട്ടുകളിലായിരുന്നു. പാലക്കാട് ജില്ലയിലെ വാളയാറിലെ ലോട്ടറി കടയിൽ കാഷ്യറായി ജോലി ചെയ്തിരുന്ന നാഗരാജ് കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലായി ടിക്കറ്റ് വിതരണം ചെയ്തിരുന്നതായാണ് വിവരം. അനധികൃത ലോട്ടറി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന റീട്ടെയിലർമാർ, ഏജന്റുമാർ, ഡീലർമാർ, കിംഗ്പിൻസ് എന്നിവരെയെല്ലാം പോലീസ് നോട്ടമിട്ടിട്ടുണ്ട്.
ആനക്കട്ടി, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലും പേരൂർ, പെരിയനായയ്ക്കൻപാളയം, വാൽപ്പാറ എന്നിവയുൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിലും അനധികൃത ലോട്ടറി വിൽപ്പന വ്യാപകമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 25,000 രൂപ മുതൽ 50,000 രൂപ വരെ സമ്മാനം വാഗ്ദാനം ചെയ്ത ഉപഭോക്താക്കൾ വഞ്ചിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പനയും വാങ്ങലും തമിഴ്നാട്ടിൽ നിരോധിച്ചിരിക്കുന്നതിനാൽ നിയമപരമായ പ്രത്യാഘാതം തട്ടിപ്പിന് ഇരയായവർ ഇപ്പോൾ പോലീസിനെ സമീപിക്കാറില്ല. അതേസമയം, ലോട്ടറികൾ നിരോധിച്ച കർണാടകയിൽ കേരള ലോട്ടറി ടിക്കറ്റുകളുടെ അനധികൃത വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിർത്തി ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് ഗുണ്ടൽപേട്ട്, ചാമരാജനഗർ, കൊല്ലേഗൽ എന്നിവിടങ്ങളിലെല്ലാം വ്യാജ ടിക്കറ്റുകൾ സുലഭമായാണ് വിൽക്കുന്നത്.