Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി
A Padmakumar Bail Plea Rejected: കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറഞ്ഞത്.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറഞ്ഞത്. അതേസമയം കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം. എന്നാൽ പത്മാകുമാറിന്റെ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. അതേ സമയം ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും.