Kerala Cabinet Decision: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭായോഗത്തില്‍ തീരുമാനം
Financial assistance to Mithun's family: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക അനുവദിക്കും. മിഥുന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും 10 ലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക അനുവദിക്കും. മിഥുന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ നല്‍കി. അധ്യാപക സംഘടനയായ കെഎസ്ടിഎയും 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സംഘടന പ്രഖ്യാപിച്ചത് 10 ലക്ഷം രൂപയാണെങ്കിലും, ഒറ്റ ദിവസം കൊണ്ട് പ്രവര്‍ത്തകര്‍ സമാഹരിച്ച 11,10,225 രൂപ മിഥുന്റെ കുടുംബത്തിന് കൈമാറിയതായി സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലാണ് തുക കൈമാറിയത്.
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിക്ക് ‘റെക്കോഡ് ഓഫ് റൈറ്റ്‌സ്’ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പുഞ്ചിരിമട്ടം ഉന്നതി, പുതിയ വില്ലേജ് ഉന്നതി എന്നിവയിലെ എട്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. എറാട്ടുകണ്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളെ മുണ്ടക്കൈ പട്ടികയില്‍ ഉള്‍പ്പെടുത്തും. 10 സെന്റ് ഭൂമി ഇവര്‍ക്ക് നല്‍കാനും തീരുമാനമായി.
പുത്തുമല ദുരന്തത്തില്‍ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് സ്മാരകം നിര്‍മിക്കുന്നതിനായി 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മന്ത്രിസഭ അംഗീകരിച്ചു. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റില്‍ 49 കുടുംബങ്ങളെ ഉള്‍പ്പെടുത്താനും വിലങ്ങാട് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.