Sun control film in vehicle: ഇനി വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കാം; സൺ കൺട്രോൾ ഫിലിം ആണെങ്കിൽ നടപടിയില്ല
Kerala High Court allows the use of sun films: വിധി വന്നതോടെ കൂളിങ് ഫിലിം ഒട്ടിക്കാനായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കട ഉടമകൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: വാഹനങ്ങളിലെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ പാടില്ലെന്ന നിയമം വന്നത് ഒരേസമയം ഗുണവും ദോഷവും ആയിരുന്നു. എന്നാൽ ഈ നിയമത്തിൽ ഇളവ് നൽകിയിരിക്കുകയാണ് ഇപ്പോൾ. നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
അങ്ങനെ നിയമങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഉത്തരവ് വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിച്ച് നൽകുന്ന കടകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളിൽ 50 ശതമാനവും പ്രകാശം കടന്നു പോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിച്ചാൽ പ്രശ്നമില്ല. ഇത്തരത്തിലാണ് കൂളിങ് ഫിലിം എങ്കിൽ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്ന് കഴിഞ്ഞ 12ന് ഇറങ്ങിയ ഹൈക്കോടതി ഉത്തരവിലാണ് പറയുന്നത്.
ALSO READ – ചില മാറ്റങ്ങളുണ്ട്, സെപ്റ്റംബർ 30-ന് ബെവ്കോയിൽ പോകുന്നവർ അറിയാൻ
വിധി വന്നതോടെ കൂളിങ് ഫിലിം ഒട്ടിക്കാനായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കട ഉടമകൾ വ്യക്തമാക്കുന്നത്. 1500 രൂപ മുതൽ 13,000 രൂപ വരെയാണ് കൂളിങ് ഫിലിം ഒട്ടിക്കാനുള്ള ചെലവ് എന്നും ഇവർ പറയുന്നു. ഹീറ്റ് റിജക‍്ഷൻ, വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേ റിജക‍്ഷൻ എന്നിവയ്ക്ക് അനുസരിച്ചാണ് വിലയിൽ മാറ്റം വരുന്നത് എന്നാണ് വിവരം. ചൂടിൽ നിന്നുള്ള രക്ഷയ്ക്കായാണ് പലരും ഇത് തിരഞ്ഞെടുക്കുന്നത്.
രാത്രി എതിരെ നിന്നു വരുന്ന വാഹനങ്ങളുടെ ശക്തമായ ഹെഡ്‍ലൈറ്റിന്റെ തീവ്രത പലപ്പോഴും ഡ്രൈവിങ്ങിൽ പാരയാകാറുണ്ട്. ഇത് കുറയ്ക്കാനും സൂര്യന്റെ ചൂട് നേരിട്ടേൽക്കുന്നത് കാരണമുണ്ടാകുന്ന അലർജി ചെറുക്കാനും ഇത്തരം ഫിലിമുകൾ സഹായിക്കുമെന്ന് വാഹന ഉടമകൾ വ്യക്തമാക്കുന്നു. സൺ ഗ്ലാസ് ഫിലിം ഉൽപാദിപ്പിക്കുന്ന കമ്പനികൾ തന്നെ വേണം ഇവ കാറുകളിൽ ഒട്ടിക്കേണ്ടതെന്ന ചട്ടവുമുണ്ട്. ഹൈക്കോടതിയിൽ മോട്ടർ വാഹനവകുപ്പ് ഈ വാദം വീണ്ടും ആവർത്തിച്ചിരുന്നു. എന്നാൽ കോടതി അത് പരിഗണിച്ചില്ല.