Global Ayyappa sangamam: ആഗോള അയ്യപ്പ സംഗമം; ചെലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുത്, മലബാർ ദേവസ്വം ഉത്തരവിന് സ്റ്റേ
High Court On Global Ayyappa sangamam: ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. ഇത്തരമൊരു ഉത്തരവ് എന്തിനാണ് ഇറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ (Global Ayyappa sangamam) ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്റ്റേ. യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടത്. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് ആഗോള അയ്യപ്പ സംഗമത്തിൽ യാത്ര ചെലവെന്നോണം ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു നിർദേശം. അതാത് ക്ഷേത്രങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.
മലബാർ ദേവസ്വം കമ്മീഷണറുടെ വിചിത്രമായ ഉത്തരവ് സ്റ്റേ ചെയ്തതായി ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. ഇത്തരമൊരു ഉത്തരവ് എന്തിനാണ് ഇറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.
Also Read: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്
ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ യാത്ര, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് ബോർഡ് വഹിക്കുമ്പോൾ, ക്ഷേത്ര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ജീവനക്കാർ എന്നിവരുടെ ചെലവുകൾ അതത് ക്ഷേത്ര ഫണ്ടിൽ നിന്ന് എടുക്കണമെന്നാണ് മലബാർ ദേവസ്വം ബോർഡിൻ്റെ സർക്കുലറിലെ പറഞ്ഞിരുന്നത്.
ആഗോള അയ്യപ്പ സംഗമം നാളെ
നാളെ (സെപ്റ്റംബർ 20 ശനി) ആഗോള അയ്യപ്പ സംഗമം നടക്കാനിരെക്കെയാണ് കോടതിയുടെ ഇടപെടൽ. സംഗമത്തിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായതായാണ് വിവരം. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്.