Jeevan Raksha Scheme: ശമ്പളത്തിൽ നിന്ന് 1000 രൂപ കുറയും! ജീവൻ രക്ഷാ പദ്ധതി പുതിയ ഉത്തരവിറങ്ങി
Kerala Jeevan Raksha Scheme 2027: അപകടത്തെ തുടർന്നുള്ള മരണം, സ്ഥിരമായ പൂർണ്ണ അംഗവൈകല്യം, ഭാഗിക അംഗവൈകല്യം, താൽക്കാലിക അംഗവൈകല്യം തുടങ്ങിയവയ്ക്കുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. സ്ഥിരമായ അംഗവൈകല്യത്തിന്റെ തോതനുസരിച്ച് 40% മുതൽ 100 ശതമാനം വരെ ആനുകൂല്യങ്ങൾ ലഭ്യമാകും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം അഥവാ ജീവൻ രക്ഷാ പദ്ധതിയുടെ (GPAIS) 2027 വർഷത്തേക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. 2026 നവംബർ 17-ന് പുറത്തിറങ്ങിയ G.O.(P) No.119/2026/Fin ഉത്തരവ് പ്രകാരമാണ് പുതുക്കിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കാലാവധിയും പ്രീമിയം തുകയും
2027 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് പുതുക്കിയ ഇൻഷുറൻസ് പരിരക്ഷ ബാധകമാകുന്നത്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം വാർഷിക പ്രീമിയം 1,000 രൂപ ആയി നിശ്ചയിച്ചിട്ടുണ്ട്. 2026 നവംബർ മാസത്തെ ശമ്പളത്തിൽ നിന്നാണ് 2027 വർഷത്തേക്കുള്ള GPAIS പ്രീമിയം തുക കുറവ് ചെയ്യേണ്ടത്.
ഇൻഷുറൻസ് ആനുകൂല്യങ്ങൾ
അപകടത്തെ തുടർന്നുള്ള മരണം, സ്ഥിരമായ പൂർണ്ണ അംഗവൈകല്യം, ഭാഗിക അംഗവൈകല്യം, താൽക്കാലിക അംഗവൈകല്യം തുടങ്ങിയവയ്ക്കുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങളും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. സ്ഥിരമായ അംഗവൈകല്യത്തിന്റെ തോതനുസരിച്ച് 40% മുതൽ 100 ശതമാനം വരെ ആനുകൂല്യങ്ങൾ ലഭ്യമാകും. താൽക്കാലിക അംഗവൈകല്യത്തിന് നിശ്ചിത കാലയളവിനും വ്യവസ്ഥകൾക്കും വിധേയമായി ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
ALSO READ: ക്ഷാമബത്ത വർധനയുടെ കുടിശ്ശിക എത്ര രൂപ? പേയ്മെന്റ് തീയതിയും കണക്കും അറിയാം
എന്താണ് ജീവൻ രക്ഷാ ഇന്ഷുറന്സ് പദ്ധതി?
കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പിലാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം ആണ് ജീവൻ രക്ഷാ ഇൻഷുറൻസ് പദ്ധതി. അപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണം, അംഗവൈകല്യം എന്നിവയ്ക്ക് കുറഞ്ഞ പ്രീമിയത്തിൽ വലിയ സാമ്പത്തിക സുരക്ഷ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാന സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്കൂൾ/കോളേജ് അധ്യാപക-അനധ്യാപക ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവകലാശാല ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് പദ്ധതി നിർബന്ധമാണ്. സർക്കാർ പെൻഷൻകാർക്കും നിശ്ചിത പ്രായപരിധിക്കുള്ളിൽ ഇതിൽ അംഗങ്ങളാകാം.
പദ്ധതിയിൽ ചേരുന്ന സമയത്ത് തന്നെ കൃത്യമായ നോമിനിയെ നിർദ്ദേശിക്കേണ്ടതാണ്. ജീവനക്കാരുടെ ശമ്പള വിതരണവും സേവന വിവരങ്ങളും പൂർണ്ണമായും ഓൺലൈനായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനമായ ‘SPARK’ മുഖേന നോമിനി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അപകടം നടന്ന് നിശ്ചിത ദിവസത്തിനുള്ളിൽ വകുപ്പ് മേധാവി വഴിയോ നേരിട്ടോ സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ വിവരം അറിയിക്കുകയും, ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.
English Summary:
The Kerala Finance Department has issued revised guidelines for the Group Personal Accident Insurance Scheme , also known as the Jeevan Raksha Scheme, for the year 2027. The scheme provides accident insurance coverage to state government employees and pensioners.