Vyshna Suresh: വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; വൈഷ്ണയ്ക്ക് മത്സരിക്കാം
Vyshna Suresh Contest In Election: തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെ സ്ഥാനാർഥിത്വത്തിൻ്റെ കാര്യം പ്രതിസന്ധിയിലാകുകയായിരുന്നു. ഐടി ജീവനക്കാരിയാണ് വൈഷ്ണ സുരേഷ്. വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലാണ് തെറ്റ് കണ്ടെത്തിയത്.
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിയായി തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്ന് വൈഷ്ണ സുരേഷ് മത്സരിക്കും. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിരിക്കുന്നത്. വോട്ടർപ്പട്ടികയിൽ വൈഷ്ണയുടെ പേര് പുനസ്ഥാപിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിലാകും വൈഷ്ണയുടെ പേര് ഉൾപ്പെടുക.
ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കോർപ്പറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർക്കാണ് കമ്മീഷൻ്റെ നിർദേശം. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെ സ്ഥാനാർഥിത്വത്തിൻ്റെ കാര്യം പ്രതിസന്ധിയിലാകുകയായിരുന്നു. ഐടി ജീവനക്കാരിയാണ് വൈഷ്ണ സുരേഷ്.
Also Read: വൈഷ്ണ സുരേഷിന് മത്സരിക്കാനാവുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്
കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിലാണ് വൈഷ്ണയെ കോൺഗ്രസ് രംഗത്തിറക്കിയത്. എന്നാൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളൂ. പേരില്ലെന്ന് കണ്ടതോടെ സ്ഥാനാർഥിയെ മാറ്റേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതൃത്വം.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലാണ് തെറ്റ് കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുകയായിരുന്നു. വൈഷ്ണയുടെ വിലാസം ശരിയല്ലെന്ന് ചൂണ്ടികാട്ടി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കമ്മിഷനെ നേരത്തേ സമീപിച്ചിരുന്നു. നിലവിൽ ഉത്തരവ് പുറപ്പെടുവിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ്.