Kerala Local Holiday : കരുനാഗപ്പള്ളിയിൽ മാത്രമല്ല, കൊല്ലം ജില്ലയിലെ ഈ പ്രദേശങ്ങളിലും ഇന്ന് അവധിയാണ്
Kallada Boat Race Competition, Kollam District Holiday Updates : കല്ലട ജലോത്സവത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ് പ്രാദേശിക തലത്തിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം താലൂക്കിലെ രണ്ട് പഞ്ചായത്തിലും കുന്നത്തൂർ താലൂക്കിലെ ഒരു പഞ്ചായത്തിലുമാണ് ഇന്ന് അവധി.
കൊല്ലം : കല്ലട ജലോത്സവത്തിനോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ മൂന്ന് പഞ്ചായത്തുകൾക്ക് ഇന്ന് സെപ്റ്റംബർ 23-ാം തീയതി ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം താലൂക്കിലെ മൺറോതുരത്ത്, ഈസ്റ്റ് കല്ലട കുന്നത്തൂർ താലൂക്കിലെ വെസ്റ്റ കല്ലട പഞ്ചായത്തുകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളും സ്കൂളുകൾക്കുമാണ് അവധി. പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
54-ാമത് കല്ലട ജലോത്സവത്തിൻ്റെ ഭാഗമായിട്ടാണ് അവധി. ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ രണ്ടാം പാദമത്സരവും ഇന്ന് അരങ്ങേറും. കല്ലടയാറ്റിലെ മുതിരപ്പറമ്പ്-കാരൂത്രക്കടവ് നെട്ടായത്ത് വെച്ചാണ് ജലോത്സവം നടക്കുക. നെഹ്റുട്രോഫി വള്ളംകള്ളിയിൽ വിജയിച്ച ഒമ്പത് ചുണ്ടൻ വള്ളങ്ങളും 15ൽ അധികം വെപ്പ്, ഇരട്ടുകുത്തിവള്ളങ്ങളും മത്സരിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജലമേള ഉദ്ഘാടനം ചെയ്യും.
കരുനാഗപ്പള്ളി താലൂക്കിലും ഇന്ന് അവധി
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണത്തിനോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലും ഇന്ന് അവധിയാണ്. ഓണാട്ടുക്കരക്കാരുടെ ഏറ്റവും വലിയ ഉത്സവമാണ് 28-ാം ഓണം. കരുനാഗപ്പള്ളിക്ക് പുറമെ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കും ഓച്ചിറ ഉത്സവത്തിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് താലൂക്കിലും അവധി പ്രാദേശിക പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ദേശീയപാതയിൽ വൻ ഗതാഗത നിയന്ത്രണം
ഓച്ചിറ ഉത്സവവുമായി ബന്ധപ്പെട്ട് നാളെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽനിന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു പണിക്കർ കടവ് പാലം വഴി തീരദേശ റോഡിൽ കൂടി അഴീക്കലിൽ എത്തി, അഴീക്കൽ വലിയ പാലം വഴി കായംകുളം, ആലപ്പുഴ ഭാഗത്തേക്കു പോകണം.
ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആർടിസി ജങ്ഷനിൽ നിന്നും തിരിഞ്ഞ് കെപി റോഡിൽ പ്രവേശിച്ച് ചാരുംമൂട് – ചക്കുവള്ളി – ഭരണിക്കാവ് – ശാസ്താംകോട്ട – കെഎംഎംഎൽ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്. നാളത്തെ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പോലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അഭ്യർഥിച്ചു.