Palakkad Election Result: പാലക്കാടൻ ജനത ആർക്കൊപ്പം? പിഷാരിടയും ശോഭയും നേർക്കുനേർ, വിജയമുറപ്പിക്കാൻ റസാഖും
Palakkad Assembly Election Result 2026: യുഡിഎഫിന്റെ താര സ്ഥാനാർത്ഥി രമേശ് പിഷാരടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമോ, ശോഭാ സുരേന്ദ്രനിലൂടെ താമര വിരിയുമോ, എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എൻഎംആർ റസാഖ് മണ്ഡലം തിരിച്ചുപിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പാലക്കാടൻ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത് ആരാണെന്ന് പരിശോധിക്കാം...
കേരളക്കര ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പാലക്കാടിന്റേത്. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം, വോട്ടെടുപ്പിന് തൊട്ട് മുമ്പ് വരെ വാർത്തകളിൽ നിറഞ്ഞ് നിന്ന മണ്ഡലം കൂടിയാണിത്. യുഡിഎഫിന്റെ താര സ്ഥാനാർത്ഥി രമേശ് പിഷാരടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമോ, ശോഭാ സുരേന്ദ്രനിലൂടെ താമര വിരിയുമോ, എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എൻഎംആർ റസാഖ് മണ്ഡലം തിരിച്ചുപിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പാലക്കാടൻ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത് ആരാണെന്ന് പരിശോധിക്കാം…
പാലക്കാട് മണ്ഡലം തിരഞ്ഞെടുപ്പ്
പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫിന്റെ ഷാഫി പറമ്പിലാണ്. 2024 പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകര എംപി ആയതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് 2024ൽ ഉപതിരഞ്ഞെടുപ്പ് നടത്തുകയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവുകയും ചെയ്തു. എന്നാൽ പിന്നീട് ഉണ്ടായ ആരോപണങ്ങളും അറസ്റ്റും ജയിൽവാസവുമെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയക്കാരനും യുഡിഎഫിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം മലയാളികൾ ഉറ്റുനോക്കുകയാണ്.
രമേശ് പിഷാരടി നിയമസഭയിൽ എത്തുമോ?
ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നതും വാർത്തകളിൽ നിറഞ്ഞതുമായ മണ്ഡലമാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുണ്ടായ വിവാദങ്ങൾക്കും ബലാത്സംഗ കേസുകൾക്കും പിന്നാലെയാണ് രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് രമേശ് പിഷാരടി മത്സരത്തിനിറങ്ങിയത്. കൂടാതെ, രമേശിന്റെ ജന്മനാട് കൂടിയാണ് പാലക്കാട്. വോട്ടർമാർക്കിടയിലുള്ള സ്വാധീനവും താരപരിവേഷവുമെല്ലാം രമേശ് പിഷാരടിക്ക് അനുകൂല ഘടകമാണ്. എന്നാൽ രാഹുലിനുണ്ടായ തിരിച്ചടി മണ്ഡലത്തിൽ കോൺഗ്രസിനെ ഒന്നടങ്കം ബാധിച്ചുവോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.
ALSO READ: വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ; ഒറ്റക്ലിക്കിൽ ഫലമറിയാൻ ഈ സൈറ്റുകൾ
പാലക്കാട് ഇക്കുറി താമര വിരിയുമോ?
സംസ്ഥാനത്ത് ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതുകൊണ്ട് തന്നെ ശക്തയായ സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണ പാർട്ടി നിർത്തിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനമാണ് ബിജെപിക്കുള്ളത്.കഴിഞ്ഞ മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ 58,389 വോട്ടുകൾ നേടിയപ്പോൾ 39,549 വോട്ടുകളാണ് ബിജെപിയുടെ സി കൃഷ്ണകുമാറിന് ലഭിച്ചത്. 2021ൽ ഷാഫി പറമ്പിൽ മത്സരിച്ചപ്പോഴും ബി.ജെ.പിയുടെ ഇ ശ്രീധരൻ രണ്ടാമതെത്തി.
2016ൽ പാലക്കാട് മത്സരത്തിൽ നിന്ന് മത്സരിച്ച അനുഭവസമ്പത്തുമായാണ് ശോഭ സുരേന്ദ്രൻ ഇക്കുറിയെത്തിയത്. തദ്ദേശീയ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും മുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. വോട്ടർമാർക്കിടയിൽ തന്റെ സ്വാധീനം കൂട്ടാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തിരിച്ചടിയായി.
പാലക്കാടിൽ ചെങ്കൊടി പാറുമോ?
പാലക്കാട് മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫും. ഹോട്ടൽ വ്യവസായി കൂടിയായ എൻഎംആർ റസാഖാണ് ഇടതിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി. അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തന്നെയാണ് സ്ഥാനാർത്ഥിത്വത്തിന് പ്രധാന കാരണം. മോതിരമാണ് ചിഹ്നം. സാങ്കേതിക കാരണങ്ങളാൽ രണ്ട് തവണയാണ് അദ്ദേഹത്തിന്റെ ചിഹ്നം മാറിയത്. 2006ന് ശേഷം പാലക്കാട് മണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. റസാഖിലൂടെ അതിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
English Summary:
Kerala Assembly Election 2026 Result Updates. Who will win in the Palakkad constituency? The contest was between Ramesh Pisharody as the UDF candidate, Shobha Surendran of the BJP, and NMR Razak as the LDF independent candidate.