E-challan Fraud Case: എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! ഇ-ചെല്ലാൻ തട്ടിപ്പിനെതിരെ കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം
Kerala Police Warn SMS Scam: യഥാർത്ഥ സർക്കാർ സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന സന്ദേശങ്ങളിലെ അപകടകരമായ ലിങ്കുകൾക്കെതിരെ കേരള പോലീസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ഔദ്യോഗിക സംവിധാനത്തിന്റെ മറവിലാണ് തട്ടിപ്പുകാർ പുതിയ കെണിയൊരുക്കുന്നത്. വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നോ അജ്ഞാത വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്നോ വരുന്ന സന്ദേശങ്ങൾ പൂർണ്ണമായും വിശ്വസിക്കരുത്.
തിരുവനന്തപുരം: വാഹന ഉടമകളെ വലയിലാക്കാൻ പുതിയ വ്യാജ ഇ-ചെല്ലാൻ തട്ടിപ്പ് രംഗത്ത്. യഥാർത്ഥ സർക്കാർ സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന സന്ദേശങ്ങളിലെ അപകടകരമായ ലിങ്കുകൾക്കെതിരെ കേരള പോലീസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ഔദ്യോഗിക സംവിധാനത്തിന്റെ മറവിലാണ് തട്ടിപ്പുകാർ പുതിയ കെണിയൊരുക്കുന്നത്. വാഹന ഉടമകൾക്ക് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങളോടെ വ്യാജ എസ്എംഎസുകൾ അയച്ച് പണം തട്ടിയെടുക്കുന്ന രീതിയാണ് നിലവിൽ വ്യാപകമാകുന്നത്.
വിവിധ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്ന് നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്നതാണ് തട്ടിപ്പിൻറെ ആദ്യപടി. മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ ഔദ്യോഗിക സന്ദേശമാണെന്ന് തോന്നിപ്പിക്കും വിധം വാഹനം, ലംഘിച്ച നിയമം എന്നിവയുടെ ചെല്ലാൻ വിവരങ്ങളും അതിനൊപ്പം ഒരു വ്യാജ ലിങ്കും ഇതിൽ ഉൾപ്പെടുത്തിയിരിക്കും. എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ-ചെല്ലാൻ പോർട്ടലിന് പൂർണ്ണമായും സമാനമായ വ്യാജ വെബ്‌സൈറ്റിലേക്കാണ് എത്തുന്നത്.
ALSO READ: പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ! സർക്കാരിന്റെ നിർണ്ണായക ഉത്തരവ്
തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്ന രീതി
വ്യാജ പോർട്ടലിൽ വാഹന രജിസ്‌ട്രേഷൻ നമ്പർ നൽകുന്നതോടെ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്താനുള്ള അടുത്ത ഘട്ടം ആരംഭിക്കുകയായി. വാഹന നമ്പർ നൽകിയ ഉടൻ സ്‌ക്രീനിൽ ‘ഇൻറേർണൽ സെക്യൂരിറ്റി റിവ്യൂ’ എന്ന പേരിൽ ഒരു വ്യാജ പോപ്പ്-അപ്പ് ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടും. ഇതിൽ നിങ്ങളുടെ വാഹന രജിസ്‌ട്രേഷൻ നമ്പർ തെളിഞ്ഞുനിൽക്കുന്നതിനാൽ ഇത് യഥാർത്ഥ സർക്കാർ സംവിധാനമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം.
തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കാനെന്ന വ്യാജേന മോട്ടോർ വാഹന വകുപ്പിന്റേതെന്ന പേരിൽ ഒരു ഔദ്യോഗിക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി കാണിക്കുന്ന ‘യെസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഫോണിലേക്ക് ഒരു എപികെ (APK) ഫയൽ സ്വയം ഡൗൺലോഡ് ആകുന്നു. ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, പെർമിഷനുകൾ അനുവദിച്ചു നൽകുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകും. അത്തരം പെർമിഷൻ അനുവദിച്ചാൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടാൽ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങലും ഫോണിലേക്ക് വരുന്ന ബാങ്ക് ഒടിപികൾ, എസ്എംഎസുകൾ, ഗൂഗിൾ പേ/യുപിഐ പിൻ വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് നേരിട്ട് കാണാനും ഉപയോഗിക്കാനും സാധിക്കും. അതിനാൽ വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നോ അജ്ഞാത വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്നോ വരുന്ന ഔദ്യോഗിക ആനുകൂല്യങ്ങളെക്കുറിച്ചോ പിഴകളെക്കുറിച്ചോ ഉള്ള സന്ദേശങ്ങൾ പൂർണ്ണമായും വിശ്വസിക്കരുത്.
English Summary:
Kerala Police issues a cyber fraud alert against fake e-Challan SMS and WhatsApp messages distributing malicious APK files. Learn how to stay safe and report scams.