Kerala Rain Alert: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല
Kerala Rain Alert for August 1 2025: സംസ്ഥാനത്ത് ഇന്ന് നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയുടെ തീവ്രത കുറയും. ശക്തമായ മഴയുടെ സാഹചര്യമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കാം.
ശക്തമായ മഴയ്‌ക്ക് സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ (ഓഗസ്റ്റ് 1) നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.
ALSO READ: ട്രോളിങ് അവസാനിക്കുന്നു; കേരളത്തിൽ ഇനി ചാകരയുടെ കാലം
ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കണം. ശക്തമായ മഴയിൽ ജനങ്ങൾ നദികളിൽ ഇറങ്ങാൻ പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. കടൽക്ഷോഭത്തിന് സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും നിർദേശം അനുസരിച്ച് അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നാണ് നിർദേശം.