Kodi Suni: കൊടി സുനിക്ക് മദ്യം നൽകിയ സംഭവം; മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു
Kodi Suni Allowed to Drink Incident: തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതികൾക്ക് ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരം ഒരുക്കി എന്നാണ് പരാതി.
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിഷ്‌ണു, വൈശാഖ്, വിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞ മാസം 17നാണ് സംഭവം.
കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ സമയത്താണ് സംഭവം. കൊടി സുനിക്ക് പുറമെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളും ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പ്രതികൾക്ക് മദ്യം കഴിക്കാൻ അവസരം ഒരുക്കി എന്നാണ് പരാതി.
തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതികളെ ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിച്ചിരുന്നു. ഈ സമയം പ്രതികളുടെ ചില സുഹൃത്തുക്കൾ അവിടെയെത്തി അവർക്ക് മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ പ്രതികൾ മദ്യം കഴിക്കുകയും ചെയ്തു. സംഭവം പുറത്തു വന്നതോടെ അന്വേഷണം നടത്തി പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ALSO READ: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പിന്നാലെ വൻ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
നേരത്തേ, കൊടി സുനി ജയിലിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ജൂൺ 21 മുതൽ കൊടി സുനി പരോളിൽ ആണ്. ഓഗസ്റ്റ് ഏഴിന് പരോൾ അവസാനിക്കും. അന്ന് സെൻട്രൽ ജയിലിൽ തിരിച്ചെത്തണം.