Kerala Rain alert: പകൽ താപനില ഉയരും… മഴ മുന്നറിയിപ്പും കാലാവസ്ഥാ മാറ്റവും ഇങ്ങനെ..
Light to moderate rain in the coming hours: ഇൻഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന 'സെൻയാർ' ചുഴലിക്കാറ്റ് നവംബർ 27-ാം തീയതി രാവിലെ വരെ അതിന്റെ ശക്തി നിലനിർത്താൻ സാധ്യതയുണ്ട്.

Kerala Rain Alert
കൊച്ചി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കക്ക് മുകളിലുമായി നിലനിൽക്കുന്ന ശക്തമായ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വരുന്ന 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെട്ട് വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ കാലാവസ്ഥാ മാറ്റം
കേരളത്തിൽ അടുത്ത 5 ദിവസം പൊതുവെ മഴ ദുർബലമായി തുടരാനാണ് സാധ്യതയെന്നും പോസ്റ്റിൽ പറയുന്നു. മഴ കുറയുന്ന സാഹചര്യത്തിൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Also Read:മുല്ലപെരിയാർ ഡാം ജല നിരപ്പ് 140 അടിയായി…
കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ ചെറു മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ ഒരിടത്തും അലർട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട് തീരത്ത് കനത്ത മഴയും കാറ്റും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണം തീരദേശ തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിൽ മഴയും കാറ്റും കനക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ‘സെൻയാർ’
ഇൻഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ‘സെൻയാർ’ ചുഴലിക്കാറ്റ് നവംബർ 27-ാം തീയതി രാവിലെ വരെ അതിന്റെ ശക്തി നിലനിർത്താൻ സാധ്യതയുണ്ട്. അതിനുശേഷം, അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ശക്തി കുറഞ്ഞ് കിഴക്കോട്ടേക്കുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.