Kerala Rain Alert: മഴ മാറിയോ! ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നത്തെ മുന്നറിയിപ്പുകൾ ഇങ്ങനെ
Kerala Rain Alert Warning: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പൊതുവെ മഴയിൽ അല്പം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും മഴ മാറിയെന്ന് ആശ്വസിക്കാനുമാകില്ല. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതേസമയം, കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനുള്ള മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.
മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്തെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. അതിനാൽ നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. കൂടാതെ നദിയിൽ ഇറങ്ങാനോ പുഴകൾ മുറിച്ച് കടക്കാനോ പാടില്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.