Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; മുന്നറിയിപ്പിൽ മാറ്റം, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert Today August 15 2025: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തിരുവനന്തപുരത്തെ വാമനപുരം നദിയിൽ (മൈലമൂട് സ്റ്റേഷൻ) സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Kerala Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 15) മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ അത് എട്ട് ജില്ലകൾക്ക് മാത്രമായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17നും 18നും കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ (ഓഗസ്റ്റ് 16) വരെ മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. ചൊവ്വാഴ്ചയ്ക്ക് ശേഷം മഴ ദുർബലമായേക്കുമെന്നാണ് പ്രവചനം.
ALSO READ: ശക്തമായ മഴയും മണ്ണിടിച്ചിലും; പൊൻമുടിയിലേക്കുള്ള സന്ദർശനം നിരോധിച്ചു, അറിയേണ്ടത്
അതേസമയം, അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തിരുവനന്തപുരത്തെ വാമനപുരം നദിയിൽ (മൈലമൂട് സ്റ്റേഷൻ) സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീരത്ത് താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.