Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത, മൂന്ന് ജില്ലകൾക്ക് അവധി
Kerala Rain Alert Today June 26: ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവടങ്ങളിലും കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളുടെ കിഴക്കൻ മേഖലകളിലും മഴ കനക്കും എന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കടലേറ്റത്തിനും സാധ്യത. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവടങ്ങളിലും കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളുടെ കിഴക്കൻ മേഖലകളിലും മഴ കനക്കും എന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ അവധി ബാധകമാണ്. കൂടാതെ, ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനഫലമാണ് ശക്തമായി മഴ തുടരുന്നതിനുള്ള കാരണം. ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും കടലേറ്റത്തിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും.
ALSO READ: ഇരിട്ടി പുഴയിൽ ജലനിരപ്പുയർന്നു, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
അതേസമയം, വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതോടെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മുൻകരുതലെന്ന നിലയിലാണ് കുട്ടികൾ ഉൾപ്പടെ എട്ട് പേരെ തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റി പാർപ്പിച്ചത്. ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.