Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
Today Kerala Rain Alert: അതേസമയം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഡിസംബർ 15 വരെ അനുകൂല കാലാവസ്ഥയാണ് ഈ പ്രദേശങ്ങളിലെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുടെ ലഭ്യത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. ഡിസംബർ ആദ്യവാരത്തിൽ സംസ്ഥാനത്ത് ശക്മായ മഴയാണ് ലഭിച്ചതെങ്കിലും, പിന്നീടിങ്ങോട്ട് മഴ പൂർണമായും പിൻവാങ്ങിയ അവസ്ഥയാണ്. വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. എന്നാൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തികുറഞ്ഞ മഴ അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് നിലവിൽ പകൽ സമയങ്ങളിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രി സമയങ്ങളിൽ തണുപ്പും ലഭിക്കുന്നുണ്ട്. അതേസമയം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഡിസംബർ 15 വരെ അനുകൂല കാലാവസ്ഥയാണ് ഈ പ്രദേശങ്ങളിലെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. എങ്കിലും അയ്യപ്പഭക്തർ ജാഗ്രതയോടെ വേണം മലചവിട്ടാൻ.
Also Read: തണുത്ത് വിറച്ച് വടക്കൻ കേരളവും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തണുപ്പ് വർദ്ധിക്കുമോ?
ഡിസംബർ മാസമായതോടെ സംസ്ഥാനത്ത് മലയോരമേഖലകളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും താപനില കുറഞ്ഞുതുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ഉത്തരേന്ത്യൻ മേഖലയിലെ തണുപ്പ് സ്വാധീനം ഉണ്ടാക്കുമെന്നാണ് പ്രവചനം. അതിനാൽ വരും ദിവസങ്ങളിലും തണുപ്പ് വർദ്ധിക്കാനാണ് സാധ്യത.