Kerala Rain Alert: തോരാമഴയിൽ മുങ്ങി കേരളം; 8 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു, നാളെയും സ്കൂളുകൾക്ക് അവധി
Kerala Rain Latest Updates: ശക്തമായ മഴയും കിഴക്കൻ വെള്ളത്തിൻറെ വരവും കൂടിയതോടെ കുട്ടനാടും അപ്പർ കുട്ടനാടും മുങ്ങുന്നു. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായതായി വിവരം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരി (Rain) തുടരുന്നു. തോരാമഴയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള – കർണാടക തീരങ്ങളിൽ 30 മുതൽ ജൂൺ ഒന്ന് വരെയും, ലക്ഷദ്വീപ് തീരത്ത് 30 മുതൽ മൂന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റെല്ലാ ജില്ലകളിലെയും സാഹചര്യം കണക്കിലെടുത്ത് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
അതിനിടെ വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായതായി വിവരം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്. മൂന്ന് വള്ളങ്ങളിലായിട്ടാണ് ഒമ്പത് പേർ ഇന്നലെ മത്സ്യബന്ധനത്തിന് പോയത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടനാടും അപ്പർകുട്ടനാടും മുങ്ങുന്നു
ശക്തമായ മഴയും കിഴക്കൻ വെള്ളത്തിൻറെ വരവും കൂടിയതോടെ കുട്ടനാടും അപ്പർ കുട്ടനാടും മുങ്ങുന്നു. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി – കുതിരച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം താറുമാറായി. ഇതേ തുടർന്ന് മിക്ക പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു.
തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ 15 കുടുംബങ്ങളിൽ നിന്ന് 68 അംഗങ്ങളും, മണലേൽ സ്കൂൾ, തലവടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, തകഴി ദേവസ്വം ബോർഡ് സ്കൂളിൽ 8 കുടുംബങ്ങളും, കരുമാടി ഡിബി എച്ച്എസിൽ 5 കുടുംബങ്ങളും, മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 15 കുടുംബങ്ങളും, വീയപുരം പഞ്ചായത്തിൽ വീയപുരം ഹയർ സെക്കൻഡറി സ്കൂളിൽ 6 കുടുംബങ്ങളും, പായിപ്പാട് എൽപി സ്കൂൾ 5 കുടുംബങ്ങളും നിലവിൽ താമസിക്കുന്നുണ്ട്.
നാളെയും സ്കൂൾ അവധി
മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് അറിയിപ്പിൽ പറയുന്നു. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ അവധി പ്രഖ്യാപിച്ച ജില്ലകളിൽ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.