Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
IMD updates rain warning for Kerala: കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 18നും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 17) അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 18നും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് 18ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ സെപ്തംബര്‍ 20 വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നും, 19, 20 തീയതികളിലും നിലവില്‍ അലര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഈ തീയതികളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തെക്കുപടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ സെപ്തംബര്‍ 20 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്തംബര്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Also Read: Uttarakhand Cloudburst: മേഘവിസ്‌ഫോടനം, കനത്ത മഴയും പ്രളയവും; ഉത്തരാഖണ്ഡിൽ രണ്ട് പേരെ കാണ്മാനില്ല
ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍മേഘം കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.
ശക്തമായ ഇടിമിന്നല്‍, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കില്‍ വാതിലും ജനലും അടച്ചിടണം. ജനല്‍, വാതില്‍ ഇവയുടെ അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനുള്ളില്‍ തന്നെ തുടരണം. കഴിവതും തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.