Kerala Rain Alert: മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത വേണം! സംസ്ഥാനത്ത് ഇന്ന് മഴ ഉണ്ടാകുമോ?; അറിയിപ്പ് ഇങ്ങനെ
Kerala Rain Alert On September 16th: മഴ പൂർണമായും മാറിയതായി പറയാൻ സാധിക്കില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിൽ വലിയ കുറവാണ് കഴിഞ്ഞ ഒരാഴ്ച്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ജില്ലകളിലും പകൽ സമയങ്ങിളിൽ കഠിനമായ വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. അതേസമയം മഴ പൂർണമായും മാറിയതായി പറയാൻ സാധിക്കില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
അടുത്ത അഞ്ച് ദിവസത്തേക്ക് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുകളാണ്. അതേസമയം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, തെക്കൻ ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഓണം മുതൽ ശക്തമായ മഴ പ്രവചിച്ചിരുന്നുവെങ്കിലും മഴയുടെ അളവ് വൻ തോതിൽ കുറയുകയായിരുന്നു. നിലവിൽ മുന്നറിയിപ്പുകളുണ്ടെങ്കിലും പല ജില്ലകളിലും മഴയില്ല. കൊടും ചൂടിൽ വലയുകയാണ് ജനങ്ങൾ. ഇങ്ങനെപോയാൽ വരുന്ന വേനലിന് മുമ്പ് തന്നെ കേരളം കൊടും വരൾച്ചയിലേക്ക് പോയേക്കാം. ജലക്ഷാമവും രൂക്ഷമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.