Kerala Vehicle RC: സംസ്ഥാനത്ത് ഇനി വാഹനങ്ങള്‍ക്ക് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല; ഒന്നാം തീയ്യതി മുതൽ ഡിജിറ്റല്‍ ആര്‍സി
Kerala to Stop Issuing Printed RC From March 1: രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനൊപ്പം തന്നെ വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: മാർച്ച് ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർസി പ്രിന്റ് ചെയ്ത് ലഭിക്കില്ല. പ്രിന്റ് ചെയ്ത ആർസിക്ക് പകരം ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ ഉള്ള ആർസി ആയിരിക്കും ലഭിക്കുക. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഈ വിഷയം സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. ഇത്തരത്തിൽ ഡ്രൈവിങ് ലൈസൻസുകൾ പ്രിന്റ് ചെയ്ത് നൽകുന്നത് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നപടികൾക്ക് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു.
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനൊപ്പം തന്നെ വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ബന്ധിപ്പിക്കേണ്ടതുണ്ട്.
ALSO READ: ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു; അവരേയും കൊല്ലണമായിരുന്നു’; പ്രതി ചെന്താമര
2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ എല്ലാം തന്നെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ ലഭ്യമാവുകയുള്ളൂ. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ലൈസൻസ്, ആർസി ബുക്ക് അച്ചടി നിലച്ചതിനെ തുടർന്ന് നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് ഡിജിറ്റലായി മാറ്റാനുള്ള നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നെയാണ് ഇപ്പോൾ ആർസി ബുക്കും ഡിജിറ്റലാക്കാൻ പോകുന്നത്.