Kerala Train Service: ട്രെയിൻ ഗതാഗതം താറുമാർ; മംഗളൂരുവിൽ ട്രാക്കിലേക്ക് മരം വീണു, വന്ദേഭാരതടക്കം കേരളത്തിലേക്കുള്ള തീവണ്ടി വൈകും
Kerala Train Service Disruption: ചെറുവത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. രാവിലെ 7ന് കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനും വളരെ വൈകിയാണ് യാത്ര പുനഃസ്ഥാപിച്ചത്. മണിക്കൂറുകളോളം കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

Train Service
കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനിടെ മംഗളൂരു റെയിൽവേ സ്റ്റേഷന് സമീപം മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടികൊണ്ടിരിക്കുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം എക്സ്പ്രസ് 8.25നാണ് കാസർകോട് നിന്ന് പുറപ്പെട്ടത്.
7.30ന് കാസർകോട് നിന്നു പോകേണ്ട വന്ദേഭാരത് മംഗളൂരുവിലേക്ക് വളരെ വൈകിയാണ് എത്തിയത്. ചെറുവത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. രാവിലെ 7ന് കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനും വളരെ വൈകിയാണ് യാത്ര പുനഃസ്ഥാപിച്ചത്. മണിക്കൂറുകളോളം കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
തെക്കുനിന്നും എത്തേണ്ട ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 2.45 മണിക്കൂർ വൈകി രാവിലെ 8.45നാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നെടുത്തത്.
16649 – പരശുറാം എക്സ്പ്രസ് – 3 മണിക്കൂർ വൈകി ഓടുന്നു – നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു
20631 – മംഗളുരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് – ഒന്നരമണിക്കൂർ വൈകി ഓടുന്നു – നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു
16160 – ചെന്നൈ എഗ്മോർ എക്സ്പ്രസ് – 2 മണിക്കൂർ വൈകി ഓടുന്നു
16605 – ഏറനാട് എക്സ്പ്രസ് – രണ്ട് മണിക്കൂർ വൈകി ഓടുന്നു
16324 – മംഗളുരു സെൻട്രൽ – കോയമ്പത്തൂർ എക്സ്പ്രസ് – ഉള്ളാളിൽ നിന്നേ സർവീസ് ആരംഭിക്കുകയുള്ളൂ. മംഗളുരു മുതൽ ഉള്ളാൾ വരെയുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ നിന്നായ കനത്ത നാശനഷ്ട്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബംഗാൾ തീരത്തിന് സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെയാണ് കേരളത്തിൽ ഉടനീളം മഴ ശക്തമായിരിക്കുന്നത്. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 300ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.