Kerala Weather Update: തണുപ്പ് അസഹനീയം… മഴ കാണാമറയത്ത്; ശബരിമലയിലെ കാലാവസ്ഥ ഭക്തർക്ക് അനുകൂലമോ?
Kerala Weather Latest Update: സംസ്ഥാനത്ത് ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, സന്നിധാനം പമ്പ നിലക്കൽ തുടങ്ങിയ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളടക്കം പല ജില്ലകളിലും തണുപ്പ് അസഹനീയമായി തുടരുകയാണ് (Kerala Weather). കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ കേരളത്തിൽ ശക്തമായ തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രി സമയത്ത് കൊടും തണുപ്പുമെന്ന നിലയിലാണ് നിലിവിലെ കാലാവസ്ഥ. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
സംസ്ഥാനത്ത് ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Also Read: തണുത്തു വിറച്ച് കേരളം, മഴ കഴിഞ്ഞോ?; കാലാവസ്ഥ ഇങ്ങനെ
ശബരിമലയിലെ കാലാവസ്ഥ
സന്നിധാനം പമ്പ നിലക്കൽ തുടങ്ങിയ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എന്നാൽ രാത്രി എട്ട് മണി മുതൽ രാവിലെ വരെ മഞ്ഞിൽ മൂടിപ്പുതച്ച അവസ്ഥയിലാണ് ശബരിമലയും. അയ്യനെ കാണാനെത്തുന്ന ഭക്തർക്ക് തണുപ്പ് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതേസമയം പകൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. സന്നിധാനം, പമ്പ തുടങ്ങിയ മേഖലകളിൽ സന്ധ്യയ്ക്ക് മുമ്പ് തന്നെ മൂടൽമഞ്ഞു തുടങ്ങും.
സാധാരണയെക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട– പമ്പ, എരുമേലി– പമ്പ തുടങ്ങിയ ശബരിമലയിലേക്കുള്ള പാതയിലും മൂടൽ മഞ്ഞ് രൂപപ്പെടുന്നത് വാഹന യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്. കടുത്ത മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.