Sabarimala Gold Scam: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വര്‍ണം വാങ്ങാൻ 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
Sabarimala Gold Theft Case: കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇ ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ നിർണായക മൊഴിയുടെ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും ഗോവർധൻ എസ്ഐടിക്ക് നൽകി.
അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനായി തിങ്കളാഴ്ച അപേക്ഷ നൽകും. അതേസമയം ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവർധന്റെ വാദം.
Also Read:ശബരിമല സ്വർണക്കൊള്ള ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ ഉത്തരവ്
ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍റെ മൊഴി. എന്നാൽ ശബരിമലയിലെ സ്വർണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവർധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം ഗോവർധൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.
അതേസമയം,എസ്ഐടിയെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രധാന പ്രതികളുടെ അറസ്റ്റിന് എന്താണ് കാലതാമസമെന്ന് ഹൈക്കോടതി ഇന്ന് എസ്ഐടിയോട് ചോദിച്ചിരുന്നുയ. ഇതിനു പിന്നാലെയാണ് നടപടി.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് ഉൾപ്പെടെ സ്വർണം വേർതിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍ഷില്‍ വച്ചാണ്. ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ് വഴി ഗോവര്‍ധനു വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.