Kerala Weather Update: തണുപ്പുണ്ടോ നാട്ടിൽ..! മഴ ഇനി പ്രതീക്ഷിക്കാമോ; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ
Kerala Weather Latest Update: ലാ നിന പ്രതിഭാസമാണ് ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന പ്രതിഭാസം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ശൈത്യത്തിന് കാരണമാകുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്നു.
തിരുവനന്തപുരം: തണുപ്പിൽ വലഞ്ഞ് കേരളം. സംസ്ഥാനത്ത് മഴ പൂർണമായും ശമിച്ചതോടെ അതിശൈത്യമാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. സാധാരണ വർഷങ്ങളിൽ വൃശ്ചികം-ധനു-മകര മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പതിവിലും നേരത്തെയാണ് തണുപ്പ് എത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം വരെ സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
കേരളത്തിലെ വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിലും ഇത്തവണ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വൈകിട്ട് അഞ്ച് മണിയോടെ തണുപ്പ് തുടങ്ങും. പിന്നീട് പിറ്റേന്ന് രാവിലെ വരെ ഇതേ കാലാവസ്ഥയാണ് മൂന്നാറിൽ. എന്നാൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നാലു ദിവസം തുടർച്ചയായി മൈനസ് ഒന്നിലാണ് താപനില റിപ്പോർട്ട് ചെയ്തത്.
ALSO READ: മഴ കാത്ത് കേരളം; തണുപ്പും ചൂടും ഒരുപോലെ, വരും ദിവസങ്ങളിലെ കാലവസ്ഥ
കേരളത്തിൽ പകൽ സമയത്ത് ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയോടെയാണ് ഈ ഗതി മാറിമറിയുന്നത്. ലാ നിന പ്രതിഭാസമാണ് ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന പ്രതിഭാസം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ശൈത്യത്തിന് കാരണമാകുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്നു. മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാം വിധം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്.
ശബരിമലയിലെ ഇന്നത്തെ കാലാവസ്ഥ
ശബരിമലയിലും പരിസര പ്രദേശങ്ങളിലും രാത്രി സമയങ്ങളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. മല കയറുന്ന അയ്യപ്പ ഭക്തർക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ തണുപ്പ്. എന്നാൽ ഇന്ന് പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലക്കൽ മേഖലകളിലെ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. തണുപ്പിനെ അതിജീവിക്കാൻ ഭക്തർ സ്വയം മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ മഞ്ഞു മൂടിയ വഴികളിലൂടെയുള്ള വാഹന യാത്രയും അതീവ ജാഗ്രതയോടെ വേണമെന്നാണ് മുന്നറിയിപ്പ്.