Kerala Rain Alert: ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും; സംസ്ഥാനത്ത് കനത്ത മഴ, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala Weather Update Today: ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:സംസ്ഥാനത്ത് വീണ്ടും ഒരു നിപ മരണം; മങ്കട സ്വദേശിനി മരിച്ചു
അതേസമയം കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് പുലർച്ചെ 05.30 മുതൽ നാളെ രാത്രി 08.30 വരെ 3.0 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കാസർഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) നദികളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.