Sea Attack Warning Kerala: കടലാക്രമണത്തിന് സാധ്യത, തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala Sea Attack And Rain Warning: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയത്. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 വരെയാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം

Image for representation purpose only
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയത്. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 വരെയാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കള്ളക്കടല്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി 1.4-1.6 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കന്യാകുമാരി തീരത്ത് സെപ്തംബര്‍ മൂന്നിന് രാത്രി 8.30 വരെയും ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നു. നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള ഭാഗത്താണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ 1.5-1.7 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാമെന്നും സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിലുള്ളവര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചാല്‍ മാറിത്താമസിക്കണം. മുന്നറിയിപ്പുള്ള സമയത്ത് ബോട്ടുകള്‍, ചെറിയ വള്ളങ്ങള്‍ തുടങ്ങിയവയുമായി കടലിലേക്ക് പോകരുത്. തിരമാലകള്‍ ശക്തമാകുമ്പോള്‍ യാനങ്ങള്‍ കടലിലേക്ക് ഇറക്കുകയോ കരയിലേക്ക് അടുപ്പിക്കുകയോ ചെയ്യരുത്.
മുന്നറിയിപ്പ് പിന്‍വലിക്കും വരെ ബീച്ചുകളിലെ വിനോദസഞ്ചാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണം. യാനങ്ങള്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
വീണ്ടും ന്യൂനമര്‍ദ്ദം
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടം ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനും, മ്യാന്‍മറിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇത് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും ശക്തമാക്കുന്നു. സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സെപ്തംബര്‍ മൂന്നിന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, നാലിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, അഞ്ചിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലെ മുന്നറിയിപ്പുകള്‍ പ്രകാരം ഓണാഘോഷങ്ങള്‍ മഴയില്‍ നനായാനാണ് സാധ്യത.