Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Kerala Weather Update Today: ഭൂരിഭാഗം ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ആശ്വാസമായി ഒരു ജില്ലയിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കനക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില വർദ്ധിക്കുമെന്നാണ് നിലവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ആശ്വാസമായി ഒരു ജില്ലയിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പാലക്കാട്, പുനലൂർ, തൃശൂർ മേഖലകളിൽ ചൂട് 38 ഡിഗ്രി കടന്നേക്കാം. പൊതുജനങ്ങൾ ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
ALSO READ: മകരത്തിൽ മഴ പെയ്തു, കാപ്പി പൂത്തു, പക്ഷെ നല്ല കുത്തരിയുടെ കഞ്ഞിമോഹം പൊലിഞ്ഞ് വയനാടൻ കർഷകർ
മഴ എവിടെ?
ഉയർന്ന ചൂടിനിടയിലും ആശ്വാസവാർത്ത വരുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്. ജില്ലയുടെ ചില മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ മറ്റു ജില്ലകളിൽ മഴയ്ക്ക് സാധ്യത കുറവാണെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലയിൽ മത്സ്യബന്ധനത്തിന് പോകരുത്.
സൂര്യാഘാതം ഒഴിവാക്കാൻ ഈ നിർദ്ദേശങ്ങൾ പാലിക്കാം
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്:
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും.
രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ ചൂടിൽ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണം.