Kerala Rain Alert: ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി; കേരളത്തെ എങ്ങനെ ബാധിക്കും? മഴ സാധ്യതകള്‍ ഇങ്ങനെ
IMD predicts light to moderate rainfall in Kerala till July 19: കേരളത്തില്‍ ജൂലൈ 19 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യത.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ ജൂലൈ 19 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാത ചുഴി ഇന്ന് രാവിലെയോടെ ഒരു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. വടക്കന്‍ ഒഡീഷയ്ക്കും, പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്കും ഇത് നീങ്ങിയേക്കാം.
ഇന്നും നാളെയും (ജൂലൈ 15, 16) സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂലൈ 19 വരെയുള്ള മഴ സാധ്യത
ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ നേരിയ മഴ പെയ്‌തേക്കാം. ജൂലൈ 17 മുതല്‍ 19 വരെയുള്ള തീയതികളില്‍ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം.
Also Read: Kerala Weather Update: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്ത് മുന്നറിയിപ്പുകൾ ഏതെല്ലാം ജില്ലകളിൽ; കാലാവസ്ഥ
അതേസമയം, കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ കാറ്റ് വീശിയേക്കാം. ശക്തമായ കാറ്റ് വീശിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വൈദ്യുതി കമ്പികളോ, പോസ്റ്റുകളോ പൊട്ടിവീണ് അപകടമുണ്ടായതായി ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ, 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പ്
അതേസമയം, വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോടുചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിലും രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി, അടുത്ത 7 ദിവസത്തിനുള്ളിൽ കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യ, കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ഹിമാലയൻ മേഖല എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും.
ഒഡീഷയിൽ ജൂലൈ 15-ന് അതിതീവ്രമായ മഴയ്ക്കും, ജൂലൈ 16, 17 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, അടുത്ത 7 ദിവസത്തേക്ക് പടിഞ്ഞാറൻ-മധ്യ-തെക്കൻ ഉപദ്വീപ് ഇന്ത്യയിലും, അടുത്ത 5 ദിവസത്തേക്ക് വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ സമതലപ്രദേശങ്ങളിലും മഴ കുറവായിരിക്കും.
ഔദ്യോഗിക അറിയിപ്പ്:
मौसम संबंधी चेतावनी
मुख्य बिंदु
(i) उत्तर-पश्चिम बंगाल की खाड़ी और उससे सटे उत्तरी ओडिशा-पश्चिम बंगाल तटों पर कम दबाव का क्षेत्र बनने के कारण, अगले 7 दिनों के दौरान पूर्वी और पूर्वोत्तर भारत, पूर्वी उत्तर प्रदेश और पश्चिमी हिमालयी क्षेत्र में वर्षा की गतिविधियां बढ़ेंगी और… pic.twitter.com/pi8oklX6Fg
— India Meteorological Department (@Indiametdept) July 15, 2026
തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ജൂലൈ 15, 16 തീയതികളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. കൂടാതെ ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ജൂലൈ 15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ അസഹനീയമായ ചൂടും ഈർപ്പമുള്ള കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.