Kerala Weather Update: മഴ മാറി, ക്രിസ്മസ് ദിനത്തിൽ വെയിലും തണുപ്പും ഒന്നിച്ച്; ഇന്നത്തെ കാലാവസ്ഥ….
Kerala Weather Update, December 25: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയില്ലെന്ന് സംസ്ഥാന കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും സമാനസ്ഥിതിയാണ്. ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ALSO READ: ചൂടിലും തണുപ്പിലും വലഞ്ഞ് കേരളം; മഴ എവിടെ? കാലാവസ്ഥ പ്രവചനം ഇങ്ങനെ
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. ഡിസംബർ 26ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
കേരളത്തിൽ തണുപ്പ് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോരപ്രദേശങ്ങളിലാണ് തണുപ്പ് കൂടുതലും അനുഭവപ്പെടുന്നത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. ഡിസംബർ 15 മുതലാണ് ഇവിടെ അതിശൈത്യം തുടങ്ങിയത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറഞ്ഞേക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.