Kerala Weather Update: കൊടുംചൂടിനെ മഴ കൊണ്ടുപോയോ? അലർട്ട് ഇവിടെയെല്ലാം, ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today, May 1: രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. അപകടകരമാംവിധം അൾട്രാവയലറ്റ് സൂചിക ഉയരുകയാണ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊടുംചൂടിനിടെ ആശ്വാസമായി മഴയെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്ന് രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ നേരിയ മഴ സാധ്യത കണക്കിലെടുത്ത് ഗ്രീൻ അലർട്ടാണ്.
മഴ മുന്നറിയിപ്പ്
- മെയ് 1 – യെല്ലോ അലർട്ട് – കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
- മെയ് 2 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, മറ്റിടങ്ങളിൽ ഗ്രീൻ അലർട്ട്
- മെയ് 3 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
- മെയ് 4 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
അൾട്രാവയലറ്റ് സൂചിക
കേരളത്തിൽ അപകടകരമാംവിധം അൾട്രാവയലറ്റ് സൂചിക ഉയരുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം – കൊട്ടാരക്കര, എറണാകുളം – കളമശ്ശേരി, തൃശ്ശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി, ബേപ്പൂർ – കോഴിക്കോട്, വയനാട് – മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം – കിഴക്കേക്കോട്ട, കണ്ണൂർ – ധർമ്മടം, കാസർഗോഡ് -ഉദുമ എന്നിവിടങ്ങളിൽ സൂചിക 5ൽ തുടരുകയാണ്.
യുവി സൂചിക 6 മുതൽ 7 വരെ എത്തുന്ന സാഹചര്യങ്ങളിലാണ് യെല്ലോ അലർട്ട് നൽകുന്നത്. സൂചിക 8 മുതൽ 10 വരെ ആണെങ്കിൽ ഓറഞ്ച് അലർട്ടും 11ന് മുകളിൽ എത്തുന്ന സാഹചര്യങ്ങളിൽ റെഡ് അലർട്ടും നൽകുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്പ്രദേശങ്ങളിലും സാധാരണയായി ഉയർന്ന യുവി സൂചികയാണ് അനുഭവപ്പെടുന്നത്.
ALSO READ: ഇന്നുമുണ്ടോ മഴയും ഇടിമിന്നലും? ചൂടിന് ആശ്വാസം എവിടെല്ലാം; കാലാവസ്ഥ അറിയാം
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടവ
മഴ പെയ്യുന്നുണ്ടെങ്കിലും കൊടുംചൂടിന് പൂർണമായി ശമനം ഉണ്ടായിട്ടില്ല. അതിനാൽ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ലഘുവും ഉളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. തൊപ്പി, കുട, സൺഗ്ലാസ്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക. ശരീരത്തിലെ അസ്വസ്ഥതകളെ അവഗണിക്കരുത്.
ഇടിമിന്നൽ ജാഗ്രത നിർദേശം
- മഴയോടൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മെയ് 4 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
English Summary:
Central Meteorological Department has announced that there is a possibility of light rain in isolated places in Alappuzha and Ernakulam districts this morning. IMD Announced Yellow alert For 4 districts due to the possibility of heavy rain today.