Kerala Rain Alert : സംസ്ഥാനത്ത് മഴ തുടരും; അടുത്ത ഏഴ് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Moderate Rain Kerala : അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ മാസം എട്ടിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇന്ന് വടക്ക്/മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെങ്കിലും രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തികുറഞ്ഞ് ചക്രവാതച്ചുഴിയായി. മധ്യപടിഞ്ഞാറൻ അറബിക്കടലിന് മുകളിലെ ന്യൂനമർദ്ദവും ഒമാൻ തീരത്തിന് സമീപം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ടാണ് സംസ്ഥാനത്ത് മഴ കുറയാൻ സാധ്യതയുള്ളത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ഈ മാസം എട്ട് വരെ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയുള്ള കാറ്റിനാണ് സാധ്യത. ഗൾഫ് ഓഫ് മാന്നാറിനും തമിഴ്നാട്, കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാം. ഇന്ന് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അറബിക്കടൽ, ആൻഡമാൻ കടൽ, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഇന്നലെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. അഞ്ചാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരും എന്നും ഇന്നലത്തെ മുന്നറിയിപ്പിൽ അറിയിച്ചിരുന്നു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മത്സ്യത്തൊഴിലാളികളും അപകട മേഖലകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കെട്ടിയിട്ട് സംരക്ഷിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം എന്നിങ്ങനെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ.