KGMCTA Protest: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപിയടക്കം നിർത്തിവെക്കും; പ്രതിഷേധത്തിനൊരുങ്ങി കെജിഎംസിടിഎ
KGMCTA Protest Against Government: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ തീരുമാനം. പ്രതിഷേധത്തിൻറെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങളടക്കം നിർത്തിവച്ച് പ്രതിഷേധക്കുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകുന്നു.

Kgmcta Protest
തിരുവനന്തപുരം: പ്രതിഷേധത്തിനൊരുങ്ങി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ പ്രതിഷേധം നടത്താനൊരുങ്ങുന്നത്. നാളെയും മറ്റന്നാളുമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ തീരുമാനം. പ്രതിഷേധത്തിൻറെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ചും പ്രധിഷേതത്തിൻ്റെ ഭാഗമായി കെജിഎംസിടിഎ സംഘടിപ്പിക്കും.
മെഡിക്കൽ കോളേജുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎയുടെ ഉന്നയിക്കുന്ന പരാതി. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് താൽക്കാലിക സ്ഥലം മാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങളടക്കം നിർത്തിവച്ച് പ്രതിഷേധക്കുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇക്കഴിഞ്ഞ ഡോക്ടേഴ്സ് ഡേയായ ജൂലൈ ഒന്നിനും സംഘടനം പ്രതിഷേധം നടത്തിയിരുന്നു. ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിനായി സോഷ്യൽ മീഡിയ കാമ്പെയ്‌നടക്കം നടത്തിയാണ് അവർ പ്രതിഷേധിച്ചത്.
2016 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്നും എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കണമെന്നുമായിരുന്നു അന്ന് അവർ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ സംസ്ഥാനത്തെ പല സർക്കാർ മെഡിക്കൽ കോളേജുകളിലും ഫാക്കൽറ്റി തസ്തികകളുടെ അപര്യാപ്തത പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിന് തക്കതായ പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും സംഘടന പ്രതിഷേധവുമായി രംഗത്തെത്തുന്നത്.