KM Shajahan: കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ കെഎം ഷാജഹാന്‍ കസ്റ്റഡിയില്‍
KM Shajahan in Police custody: കെഎം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. എറണാകുളം റൂറല്‍ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

കെഎം ഷാജഹാന്‍
തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ അധിക്ഷേപ കേസില്‍ കെഎം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. എറണാകുളം റൂറല്‍ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഷൈനിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി.
ഇതേ കേസില്‍ ഷാജഹാനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഷൈനിന്റെ പേര് പറഞ്ഞ് താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാജഹാന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ പിന്നീട് ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ ഷൈന്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിലാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
ഷാജഹാനെ പൊലീസ് എറണാകുളത്തേക്ക് കൊണ്ടുപോയി. കൊച്ചിയിലെത്തിയതിന് ശേഷം വൈദ്യപരിശോധനയടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കും. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷാജഹാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഷാജഹാന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് പൊലീസ് മെറ്റയോട് വിവരം തേടിയിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമിച്ചിരുന്നു. മെറ്റയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണോ ഷാജഹാനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല.