Kochi metro: മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
Kochi Metro announces 15 per cent discount: നിലവിൽ കൊച്ചി മെട്രോയിലെ മൊത്തം യാത്രക്കാരിൽ 34 ശതമാനം പേരും ഡിജിറ്റൽ മാർഗ്ഗങ്ങളാണ് ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്നത്.
കൊച്ചി: മെട്രോ യാത്രക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മൊബൈൽ ക്യൂആർ (QR) ടിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ യാത്രയിൽ കൂടുതൽ ലാഭം ലഭിക്കും. ടിക്കറ്റിംഗ് സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മൊബൈൽ ടിക്കറ്റുകൾക്ക് 15 ശതമാനം വരെ ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടുതന്നെ അധികമായി 5 ശതമാനം കൂടി അനുവദിച്ചാണ് ആകെ ഡിസ്കൗണ്ട് 15 ശതമാനമാക്കി ഉയർത്തിയത്. ഹ്രസ്വകാലത്തേക്കുള്ള ഈ പ്രത്യേക ഓഫർ ജനുവരി 26 (ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരും.
കൂടുതൽ വേഗത, തടസ്സമില്ലാത്ത യാത്ര
മെട്രോ സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങൾ നവീകരിച്ചതോടെ മൊബൈൽ ടിക്കറ്റുകൾ സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. പുതിയ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനം ടിക്കറ്റ് സ്കാനിംഗ് കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കുന്നു.
നിലവിൽ കൊച്ചി മെട്രോയിലെ മൊത്തം യാത്രക്കാരിൽ 34 ശതമാനം പേരും ഡിജിറ്റൽ മാർഗ്ഗങ്ങളാണ് ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്നത്. പുതിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ ഡിജിറ്റൽ ടിക്കറ്റിംഗിലേക്ക് മാറുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.