Kochi Metro: കാക്കനാട്ടേക്ക് മെട്രോ കുതിപ്പ്; പിങ്ക് ലൈൻ നിർമ്മാണത്തിൽ നിർണായക പുരോഗതി
Kochi Metro Phase 2 Update: ആകെ 2444 റെയിലുകളാണ് ഉള്ളത്. 18 മീറ്റർ നീളമാണ് ഓരോ റെയിലിനും ഉണ്ടാവുക. ഏകദേശം 2700 മെട്രിക് ടൺ ഭാരമാണ് ഇവയ്ക്കുള്ളത്. ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് രാജ്യാന്തര ഗുണനിലവാരമുള്ള ഹെഡ് ഹാർഡൻഡ് റെയിലുകൾ നിർമിച്ചത്.
കൊച്ചി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം നിർണായക ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തിനുള്ള ട്രാക്കുകൾ നിർമ്മിക്കാനുള്ള റെയിലുകൾ എത്തിയതായി അധികൃതർ അറിയിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ ലൈനിന് ആവശ്യമായ 44 കിലോമീറ്റർ ട്രാക്ക് റെയിലുകളാണു കൊച്ചിയിൽ എത്തിച്ചത്.
ആകെ 2444 റെയിലുകളാണ് ഉള്ളത്. 18 മീറ്റർ നീളമാണ് ഓരോ റെയിലിനും ഉണ്ടാവുക. ഏകദേശം 2700 മെട്രിക് ടൺ ഭാരമാണ് ഇവയ്ക്കുള്ളത്. ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് രാജ്യാന്തര ഗുണനിലവാരമുള്ള ഹെഡ് ഹാർഡൻഡ് റെയിലുകൾ നിർമിച്ചത്. കെഎംആർഎൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര, പരിശോധനാ ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കി.
രണ്ടാം ഘട്ട നിർമാണം
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ 11.2 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുന്നത്. 11 എലിവേറ്റഡ് സ്‌റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. പാലാരിവട്ടം, അലിഞ്ചുവട്, വഴക്കാല, പാടമുകൾ, കാക്കനാട് ജങ്ഷൻ, സ്‌മാർട്ട് സിറ്റി തുടങ്ങിയ പ്രധാന സ്‌റ്റേഷനുകൾ പിങ്ക് ലൈനിന്റെ ഭാഗമാണ്. ഇവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ALSO READ: ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴി; സ്റ്റോപ്പുകളിൽ മാറ്റം
കൊച്ചി മെട്രോയുടെ രണ്ടാം പാതയുടെ നിർമാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നു കെഎംആർഎൽ അറിയിച്ചു. ട്രാക്ക് നിർമ്മാണം ടെക്‌സ് മാകോ റെയിൽ എൻഞ്ചിയറിങ് കമ്പനിക്കാണ്. പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് രൂപകൽപന ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കാനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
പിങ്ക് ലൈൻ എന്ന് മുതൽ?
ആദ്യഘട്ടത്തിൽ പിങ്ക് ലൈൻ ഭാഗികമായി ഘട്ടംഘട്ടമായി തുറക്കാനായിരുന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പദ്ധതി. എന്നാൽ മുഴുവൻ പാതയും ഒരുമിച്ച് സർവീസിന് തുറക്കാനാണ് നിലവിലെ തീരുമാനം. 2027 ഓഗസ്‌റ്റോടെ പിങ്ക് ലൈൻ പൂർണമായും കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം.
സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പാതയുടെ വിവിധ സംവിധാനങ്ങളുടെ ഏകോപനവും പരിശോധനകളും പൂർത്തിയാക്കും. പിങ്ക് ലൈൻ സർവീസ് ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് ഐടി ജീവനക്കാരുടെ യാത്രാസമയം ഗണ്യമായി കുറയും. തിരക്കേറിയ കൊച്ചിയിലെ വിവിധ പ്രധാന മേഖലകളെ വേഗത്തിലും സുഗമമായും ബന്ധിപ്പിക്കുന്നതിലും പിങ്ക് ലൈൻ നിർണായക പങ്കുവഹിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
English Summary:
The construction of Kochi Metro’s Phase 2, also known as the Pink Line, has reached a significant stage with the arrival of 44 km of rails for the ballastless track. The shipment includes 2,444 head-hardened rails, each 18 metres long and weighing around 2,700 metric tonnes in total.