Kochi Metro: പച്ചക്കൊടി കാത്ത് കെഎംആർഎൽ; ആ പ്രതിസന്ധി അകന്നാല്‍ കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കിലേക്ക് കുതിക്കും
Kochi Metro Phase II Updates: കൊച്ചി മെട്രോയുടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ജൂണ്‍ 30 എന്ന സമയപരിധിക്കകം പൂർത്തിയാക്കുന്നതിനും കമ്മീഷൻ ചെയ്യുന്നതിനുമുള്ള ശ്രമത്തില്‍ കെഎംആര്‍എല്‍.

Kochi Metro
കൊച്ചി: കൊച്ചി മെട്രോയുടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ജൂണ്‍ 30 എന്ന സമയപരിധിക്കകം പൂർത്തിയാക്കുന്നതിനും കമ്മീഷൻ ചെയ്യുന്നതിനുമുള്ള തീവ്രപരിശ്രമത്തില്‍ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എല്‍). നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ശ്രമം. പൈലിംഗ് ജോലികള്‍ ഏതാണ്ട് 80 ശതമാനം പൂര്‍ത്തിയായി. വയഡക്റ്റ് (പാത) നിർമ്മാണം ഏതാണ്ട് 30 ശതമാനവും, പിയർ (തൂൺ) നിർമ്മാണം ശതമാനവും മാത്രമാണ് പൂര്‍ത്തിയായത്.
വിദേശ വായ്പകൾ ലഭിക്കുന്നതിലെ കാലതാമസമാണ് പ്രധാന തടസം. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 1,116 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വായ്പ എടുക്കുന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമോയെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.
പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ മതിയായ ധനസഹായം ആവശ്യമാണെന്ന് ഒരു മുതിര്‍ന്ന മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എലിവേറ്റഡ് ട്രാക്ക് ജോലികൾ വേഗത്തിലാക്കി. സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതിയുണ്ട്.
പാലാരിവട്ടം, ആലിൻചുവട്, വാഴക്കാല, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽ സ്റ്റേഷൻ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളുടെ പൈലിങ് ജോലികൾ പൂർത്തിയായി. ഇൻഫോപാർക്ക്, പടമുഗൾ സ്റ്റേഷനുകളുടെ പണികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മൊത്തം 11.2 കിലോമീറ്റർ ദൈർഘ്യമുള്ള സിവിൽ സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള ഭാഗം ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. പടമുഗൾ വരെയുള്ള ആദ്യ റീച്ച് ജൂൺ 30-നകം തുറക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം. എന്നാല്‍ വിദേശ വായ്പകള്‍ ലഭിക്കുന്നതിലെ കാലതാമസം മൂലം നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമോയെന്നാണ് ആശങ്ക.