Kottayam Exorcism: കന്നഡ സിനിമയ്ക്ക് സമാനം; തലയോട്ടിയുടെ മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും; കരച്ചിൽ കേൾക്കാതിരിക്കാൻ പുലിമുരുകനിലെ പാട്ട്
Black Magic Torture in Kottayam: വെള്ള മുണ്ടും ഷർട്ടും ധരിച്ച് പിൻവഴിയിലൂടെ വീട്ടിലെത്തുന്ന ഇയാൾ തലയോട്ടികളുടെ രൂപങ്ങൾ കോർത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടെയിൽ ആരെങ്കിലും വീട്ടിലെത്തിയാൽ മാല ഊരിമാറ്റി സാധാരണ പോലെയാകും.

Kottayam Exorcism
കോട്ടയം: തിരുവഞ്ചൂരിൽ യുവതിയെ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവം സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ ‘സു ഫ്രം സോ’യുമായി സമാനതകളേറെയെന്ന് കണ്ടെത്തൽ. ദേഹത്ത് കയറിയ ബാധയെ ഒഴുപ്പിക്കാൻ എന്ന പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ‘കാടണിയും കാൽച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകൻ സിനിമയിലെ പാട്ട് ഉച്ചത്തിൽ വച്ചു.
ആഭിചാരക്രിയയ്ക്ക് വേണ്ടി മന്ത്രവാദി ശിവദാസ് ഫീസായി വാങ്ങിയത് 6000 രൂപയായിരുന്നു. സംഭവത്തിൽ മന്ത്രവാദിയും യുവതിയുടെ ഭർത്താവുമടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അഖിലിന്റെ മാതാവും പ്രതിയാണ്. എന്നാൽ ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികാരം ചെയ്യാൻ വേണ്ടി മറ്റൊരാളുടെ ശരീരം തിരഞ്ഞെടുക്കുന്ന ദുരാത്മാക്കളെന്നും ഭർത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും മന്ത്രവാദി ശിവദാസ് യുവതിയുടെ ഭർത്താവിനെയും വീട്ടുക്കാരെയും വിശ്വാസിപ്പിച്ചു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് പിൻവഴിയിലൂടെ വീട്ടിലെത്തുന്ന ഇയാൾ തലയോട്ടികളുടെ രൂപങ്ങൾ കോർത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടെയിൽ ആരെങ്കിലും വീട്ടിലെത്തിയാൽ മാല ഊരിമാറ്റി സാധാരണ പോലെയാകും.
ദുരാത്മാക്കളെ ആണിയിൽ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തിൽ തളയ്ക്കണമെന്ന് പറഞ്ഞ് വീട്ടുക്കാരെ വിശ്വാസിപ്പിച്ച് യുവതിയുടെ മുടിയിൽ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ശേഷം ഈ ആണി മരക്കുറ്റിയിൽ അടിച്ചു കയറ്റി. പിന്നാലെ ദുരാത്മാക്കളെ ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മന്ത്രവാദി തളർന്നുവീണപ്പോൾ അഖിലിന്റെ പിതാവ് വെള്ളം തളിച്ചതോടെയാണ് ഇയാൾ എഴുന്നേറ്റത്.