Kottayam Medical College: അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍, പരാതി നൽകിയിട്ടും ഫലമില്ല; കോട്ടയം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലും അപകടാവസ്ഥയില്‍
Kottayam Medical College: എംഎൽഎ ചാണ്ടി ഉമ്മന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെയും സ്ഥിതി അപകടാവസ്ഥയിലാണെന്ന് പരാതി. അറുപത് വർഷം മുമ്പ് പണിത ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾ ഇപ്പോഴും താമസിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്. പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിന് ഇടയായ പൊളിഞ്ഞു വീണ കെട്ടിടം പണിത അതേ കാലയളവിൽ തന്നെയാണ് ഹോസ്റ്റലും പണിതിരിക്കുന്നത്. നിലവിൽ കെട്ടിടത്തിന്റെ ചുവരുകളും മേൽക്കൂരകളും പൊളിഞ്ഞ് തുടങ്ങിയ നിലയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നുണ്ട്.
പിജി ഡോക്ടര്‍മാര്‍ അടക്കം 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. വിഷയത്തില്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. കോളേജ് സൂപ്രണ്ടിനെയും ജനപ്രതിനിധികളേയും കണ്ട് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. പെയിന്റടിക്കുക മാത്രമാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
അതേസമയം, എംഎൽഎ ചാണ്ടി ഉമ്മന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.