Kozhikode Beypore Speed Boat Service: കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് ഇനി വെള്ളത്തില്‍ കുതിച്ചുപായാം; വേണ്ടത് 15 മിനിറ്റ് മാത്രം
Kozhikode-Beypore speed boat service details: കോഴിക്കോട് നിന്നു ബേപ്പൂരിലേക്കുള്ള ജലഗതാഗതം ഇനി അതിവേഗത്തില്‍. 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടിലൂടെ എത്താനാകും. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാനാകും
കോഴിക്കോട്: കോഴിക്കോട് നിന്നു ബേപ്പൂരിലേക്കുള്ള ജലഗതാഗതം ഇനി മിന്നുംവേഗത്തില്‍. കോഴിക്കോട്-ബേപ്പൂര്‍ സ്പീഡ് ബോട്ട് സര്‍വീസിന് കഴിഞ്ഞ ദിവസമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോടിന്റെ ടൂറിസം മേഖലയില്‍ സ്പീഡ് ബോഡ് സര്‍വീസ് പുതിയ അനുഭവമാകുമെന്ന് അദ്ദേഹം പറഞ്ഞു. മലബാറിന്റെ കടല്‍ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് സ്പീഡ് ബോട്ട് സര്‍വീസ് മികച്ച അനുഭവമാകും.
പദ്ധതി വ്യാപിപ്പിക്കും
കോഴിക്കോട് ജില്ല മുഴുവനായി പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള സ്പീഡ് ബോട്ട് സര്‍വീസ് ഭാവിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് കോഴിക്കോട്-ബേപ്പൂര്‍ റൂട്ടില്‍ ഇത്തരത്തില്‍ സ്പീഡ് ബോട്ട് സര്‍വീസ് തുടങ്ങുന്നത്.
15 മിനിറ്റ്, 13 പേര്‍
മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടിലൂടെ എത്താനാകും. ഒരു ബോട്ടില്‍ പരമാവധി 13 പേര്‍ക്ക് യാത്ര ചെയ്യാനാകും. യാത്രക്കാര്‍ക്ക് വിവിധ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Also Read: Cochin Carnival 2025: പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണണ്ടേ! കൊച്ചിൻ കാർണിവലിന് പോകുന്നവർ അറിയാൻ
സര്‍വീസ് എങ്ങനെ?
കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലെത്തും. തുടര്‍ന്ന് തിരികെ കോഴിക്കോട്ടേക്ക് തിരിച്ചെത്തും. ഈ രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോറല്‍ 01, കോറല്‍ 02 എന്നീ രണ്ട് സ്പീഡ് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. പുതുവര്‍ഷത്തില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന രണ്ട് ക്രൂയിസ് സര്‍വീസുകളും തുടങ്ങും. രാവിലെ ഒമ്പതിന് സര്‍വീസ് ആരംഭിക്കും. 100 രൂപയാണ് ഒരാളുടെ യാത്രാനിരക്ക്.