Kozhikode Deepak death: ദീപക്കിന്റെ മരണം: ഷംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി
Kozhikode Deepak death Shimjitha Arrest: മഫ്തിയിൽ എത്തിയ വനിതാ പോലീസുകാർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. ശേഷം പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി....
ബസ്സിലെ ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിജിത മുസ്തഫയെ റിമാൻഡ് ചെയ്തു. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഷിജിതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തു പിന്നാലെ ഒളിവിൽ പോയിരുന്ന ഇവരെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് വടകരയ്ക്ക് സമീപമുള്ള ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ എത്തിയ വനിതാ പോലീസുകാർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. ശേഷം പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്നമംഗലം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇതിനിടെ പ്രതിക്ക് രക്ഷപ്പെടാൻ പോലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ ബസ്സിൽ നിന്നുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുവാനും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കാനും പോലീസ് നീക്കം.
ലൈംഗികാരോപണം നേരിട്ടതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം മണൽതാഴം ടിപി ഗോപാലൻ റോഡിൽ ഉള്ളാട്ടുതൊടി ദീപക്ക് എന്ന വീട്ടിലെ ദീപക് ആണ് ആത്മഹത്യ ചെയ്തത്. 42 വയസ്സായിരുന്നു. രാവിലെ വൈകിയിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുമ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏക മകനാണ് ജീവനൊടുക്കിയ ദീപക്ക്.