Kozhikode Assault: ‘വാതിൽ തള്ളിത്തുറന്നാണ് ദേവദാസ് ആക്രമിക്കാൻ വന്നത്’; രാജി വെക്കുമെന്ന് പറഞ്ഞപ്പോൾ കാലിൽ വീണെന്ന് മുക്കം അതിജീവിത
Kozhikode Assault Survivor First Response: വാതിൽ തള്ളിത്തുറന്നാണ് പ്രതികൾ തന്നെ ആക്രമിക്കാൻ വന്നതെന്ന് കോഴിക്കോട് മുക്കം ഹോട്ടൽ പീഡനശ്രമത്തിലെ അതിജീവിത. രാജിവെക്കുമെന്ന് പറഞ്ഞപ്പോൾ ദേവദാസ് കാലിൽ വീണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം അതിജീവിത വ്യക്തമാക്കി.

ദേവദാസ്
കോഴിക്കോട് മുക്കം ലോഡ്ജിലെ പീഡനശ്രമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വീടിൻ്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതികൾ ആക്രമിക്കാൻ വന്നതെന്ന് യുവതി പറഞ്ഞു. രാജിവെക്കുമെന്നറിയിച്ചപ്പോൾ ദേവദാസ് കാലിൽ വീണു. തൻ്റെ ഫോൺ പ്രതികൾ പിടിച്ചുവാങ്ങിയെന്നും യുവതി പറഞ്ഞു. പീഡനശ്രമത്തെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.
ആക്രമിക്കാൻ വന്നപ്പോൾ പ്രതികൾ മാസ്കിങ് ടേപ്പ് ഉൾപ്പെടെ കയ്യിൽ കരുതിയിരുന്നു. ദേവദാസാണ് ഫോൺ പിടിച്ചുവാങ്ങിയത്. ഇയാൾ നിരന്തരം മെസേജയച്ച് തന്നെ ശല്യപ്പെടുത്തി. രാജി വെക്കുമെന്നറിയിച്ചപ്പോൾ ദേവദാസ് കാലിൽ വീണ് മാപ്പ് പറഞ്ഞു. താൻ അനുഭവിച്ച വേദന ദേവദാസും അറിയണമെന്നും യുവതി പ്രതികരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആദ്യ പ്രതികരണമാണിത്.
കോഴിക്കോട് മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെയാണ് ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാനായി ലോഡ്ജിൻ്റെ ഒന്നാം നിലയിൽ നിന്ന് ചാടിയ യുവതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിനെ പിടികൂടുകയും ചെയ്തു. ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ദേവദാസ് പിടിയിലായത്. കെഎസ്ആർടിസി ബസ്സിൽ കോഴിക്കോട് നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുവച്ച് ഇയാൾ പിടിയിലായി. പിന്നാലെ, ദേവദാസിൻ്റെ കൂട്ടാളികളായ സുരേഷ് , റിയാസ് എന്നീ രണ്ട് ജീവനക്കാർ പോലീസിൽ കീഴടങ്ങുകയും ചെയ്തു.
ഇതിനിടെ ദേവദാസിനെതിരായ കൂടുതൽ തെളിവുകൾ അതിജീവിതയുടെ കുടുംബം പുറത്തുവിട്ടു. യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നറിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സ്ക്രീൻഷോട്ടുകളുമാണ് കുടുംബം പുറത്തുവിട്ടത്. ലൈംഗിക താൽപര്യമറിയിച്ചും ശരീര വർണനയും നടത്തിയും ഇയാൾ സന്ദേശങ്ങളയച്ചതായി ഡിജിറ്റല്‍ തെളിവുകളിലുണ്ട്. ഇയാളുടെ വാട്സപ്പ് ചാറ്റ് ആണ് കുടുംബം പുറത്തുവിട്ടത്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ജോലി അവസാനിപ്പിക്കുകയാണെന്ന് യുവതി പറഞ്ഞപ്പോൾ ദേവദാസ് മാപ്പ് പറഞ്ഞു. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും തിരികെവരണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി വീണ്ടും ഹോട്ടലിൽ ജോലിക്കെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് യുവതി താമസിക്കുന്ന സ്ഥലത്തെത്തി ദേവദാസും കൂട്ടാളികളും പീഡിപ്പിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ് ആശുപത്രിയിലായ ശേഷം ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി സന്ദേശമയച്ചിരുന്നു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ദേവദാസിൻ്റെ സന്ദേശം. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.