MVD diesel shortage : മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങൾ ഷെഡ്ഡിലായിട്ട് മൂന്നുമാസം, പരിശോധനകൾ താളംതെറ്റി
Kozhikode MVD Enforcement Diesel Vehicles : വാഹനങ്ങൾക്ക് ഡീസലടിക്കാനുള്ള തുക റോഡ് സേഫ്റ്റി അതോറിറ്റിയാണ് അനുവദിക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് (MVD) കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഡീസൽ വാഹനങ്ങൾ മൂന്നു മാസത്തോളമായി അനക്കമില്ലാതെ കിടക്കുകയാണ്. വാഹനങ്ങൾക്ക് ഡീസൽ അടിച്ച വകയിൽ രണ്ടുലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെയാണ് പമ്പുടമകൾ ഡീസൽ നൽകുന്നത് നിർത്തിവെച്ചത്. ഇതോടെ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ വാഹനങ്ങൾ ഉൾപ്പെടെ അഞ്ച് വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻ്റെ പ്രധാന വാഹനങ്ങളായ ഇന്റർസെപ്റ്റർ വാഹനങ്ങളുൾപ്പെടെയാണ് നിർത്തിയതോടെ പരിശോധനകൾ താളം തെറ്റിയിരിക്കുകയാണ്.
ഈ വാഹനങ്ങളിൽ രണ്ടെണ്ണം ഗ്രൗണ്ടിലും ബാക്കിയുള്ളവ ഓട്ടോമാറ്റിക് ഹെവി വെഹിക്കിൾ ഫിറ്റ്‌നസ് ടെസ്റ്റിങ് സ്റ്റേഷനുള്ളിലുമായി പൂട്ടിയിട്ടിരിക്കുകയാണ്. അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ പ്രധാന വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നത് പരിശോധനകളുടെ താളം തെറ്റിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിൽ മാത്രം ഓട്ടം
എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിലവിൽ ഒൻപത് വാഹനങ്ങളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഡീസൽ വാഹനങ്ങളും, ബാക്കിയുള്ള നാലെണ്ണം ഇലക്ട്രിക് വാഹനങ്ങളുമാണ്. ഡീസൽ വാഹനങ്ങൾ നിലച്ചതോടെ നിലവിൽ ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണ് പരിശോധനകൾ മുന്നോട്ട് പോകുന്നത്.
Also read – 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി, ശബരിമല യാത്ര ഇനി കഠിനമാകില്ല
നഗരത്തിൽ സാധാരണയായി ഏഴ് സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. ഡീസൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ, രാവിലെ പരിശോധന കഴിഞ്ഞ് തിരിച്ചെത്തുന്ന ഇലക്ട്രിക് വാഹനം ചാർജ് ചെയ്ത ശേഷം മാത്രമാണ് അടുത്ത സ്ക്വാഡ് പോകുന്നത്. പ്രവർത്തനങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യതക്ക് അനുസരിച്ച് ക്രമീകരിച്ചിരിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറയുന്നു.
വാഹനങ്ങൾക്ക് ഡീസലടിക്കാനുള്ള തുക റോഡ് സേഫ്റ്റി അതോറിറ്റിയാണ് അനുവദിക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. പണമുണ്ടായിട്ടും ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ ഓഫീസിൽ നിന്ന് തുക അനുവദിക്കാത്തത്. ഉടൻ അയക്കാം എന്ന് പറയുന്നതല്ലാതെ ഫണ്ട് അയക്കുന്നില്ല, എന്നും അധികൃതർക്ക് ആക്ഷേപമുണ്ട്.