Nadapuram School Holiday: അജ്ഞാത ജീവിയുടെ ആക്രമണം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kozhikode Nadapuram Kummankode Animal Attack: വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാറി ജനവാസമേഖലയിലാണ് സംഭവം. ആക്രമിച്ചത് പുലിയാണെന്നാണ് വിദ്യാർത്ഥി പറയുന്നത്. പ്രദേശവാസികൾ നടത്തിയ തിരച്ചിലിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അജ്ഞാത ജീവിയുടെ ആക്രമണത്തെ തുടർന്ന് നാദാപുരം കുമ്മങ്കോട് ജനവാസമേഖല അതീവ ജാഗ്രതയിൽ. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടക്കും.
അജ്ഞാത ജീവി പുലിയോ?
വീടിനോട് ചേർന്ന പറമ്പിലെ കാട് തെളിക്കുന്നതിനിടെയാണ് എരഞ്ഞിക്കൽ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ശരീരത്തിലേക്ക് ചാടിവീണ ജീവി തലയിലും ചെവിയിലും നെഞ്ചിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സിനാനെ ആദ്യം നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.
വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാറി ജനവാസമേഖലയിലാണ് സംഭവം. ആക്രമിച്ചത് പുലിയാണെന്നാണ് വിദ്യാർത്ഥി പറയുന്നത്. പ്രദേശവാസികൾ നടത്തിയ തിരച്ചിലിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ആർആർടി സംഘം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കൂട് സ്ഥാപിച്ച് അജ്ഞാതജീവിയെ പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സംസ്ഥാന സർക്കാർ നിലപാട് ഇന്ന് അറിയാം
തെരച്ചില്‍ ഇന്നും തുടരും
സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. നാദാപുരം പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയിലും പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇന്നും തുടരും. ഇതിന്റെ ഭാഗമായി പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ മദ്രസകൾക്കും കുമ്മങ്കോട് ഈസ്റ്റ് എൽപി സ്കൂൾ, സൗത്ത് എൽപി സ്കൂൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
English Summary:
An unidentified wild animal has attacked two people in the Kummankode area of Nadapuram in Kozhikode, prompting authorities to issue a high-alert warning to local residents. One of the injured, a student identified as Eranjikkal Muhammad Sinan, was attacked while clearing bushes near his home and sustained injuries to his head, ear and chest.