KSFE: ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാൻ കേരള സർക്കാർ; ആർക്കൊക്കെ ലഭിക്കും?
KSFE Salary Revision Arrears: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഇടക്കാല ആശ്വാസം വിതരണം ചെയ്തിരുന്നില്ല. ഈ വസ്തുത കൂടി ചൂണ്ടിക്കാട്ടി കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ സർക്കാരിന് പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നു. പുതിയ തീരുമാനം കെഎസ്എഫ്ഇ ജീവനക്കാർക്ക് വലിയൊരു ആശ്വാസമാകും.

പ്രതീകാത്മക ചിത്രം
ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നിലൊന്ന് ഭാഗം വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) ജീവനക്കാർക്കാണ് ആശ്വാസകരമായ തീരുമാനമെത്തിയത്. കെ.എസ്.എഫ്.ഇയിലെ വർക്ക്മെൻ, ഓഫീസർമാർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നിലൊന്ന് ഭാഗം വിതരണം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി.
ഉത്തരവിന്റെ പശ്ചാത്തലം
കെ.എസ്.എഫ്.ഇയിലെ വർക്ക്മെൻ, ഓഫീസർമാർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സേവന ആനുകൂല്യങ്ങൾ എന്നിവ 2022 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ പരിഷ്കരിച്ചുകൊണ്ട് നേരത്തെ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കുടിശ്ശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഇടക്കാല ആശ്വാസം (Interim Relief) വിതരണം ചെയ്തിരുന്നില്ല. ഈ വസ്തുത കൂടി ചൂണ്ടിക്കാട്ടി കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ സർക്കാരിന് പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നു.
ALSO READ: 2% മുതൽ 40% വരെ ഡിഎ വർദ്ധനവ്; ഞെട്ടിച്ച് സംസ്ഥാനങ്ങൾ
തീരുമാനമെടുത്ത് സർക്കാർ
മുൻകാലങ്ങളിൽ കുടിശ്ശികയുടെ ഇടക്കാല ആശ്വാസം വിതരണം ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഇടക്കാല ആശ്വാസം നൽകിയിട്ടില്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് കുടിശ്ശികയുടെ ഒരു ഭാഗം വിതരണം ചെയ്യാൻ അനുമതി തേടിയത്. മാനേജിങ് ഡയറക്ടറുടെ അപേക്ഷയും വിഷയം സംബന്ധിച്ച മറ്റ് കാര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചു. തുടർന്ന് ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ പരിഗണിച്ചുകൊണ്ട്, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ മൂന്നിലൊന്ന് (1/3) തുക ഉടൻ വിതരണം ചെയ്യാൻ മാനേജിങ് ഡയറക്ടർക്ക് അനുമതി നൽകിക്കൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം
അഞ്ച് വർഷ കാലയളവിലാണ് സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് അവരുടെ ശുപാർശകൾക്ക് അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക. നിലവിൽ പതിനൊന്നാം ശമ്പളപരിഷ്കരണമനുസരിച്ചുള്ള ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ഇനി പന്ത്രണ്ടാം ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
2026 ഫെബ്രുവരി 23-നാണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോഴും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
English Summary:
The Kerala government has issued an order approving the disbursement of one-third of the salary revision arrears due to employees of the Kerala State Financial Enterprises. The approval covers employees in the Workmen, Officers, and Top-Level Executive categories, bringing welcome relief and good news to KSFE staff who have been awaiting the pending salary revision benefits.