KSRTC Bus Harassment: ‘അവസരം ഉണ്ടാക്കി കൊടുത്തിട്ടല്ലേ, അയാൾ നോക്കുന്നത് ഇവൾ ആസ്വദിക്കുന്നുണ്ട്’; വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ സൈബര്‍ അറ്റാക്ക്
KSRTC Bus Harassment Viral Video: തനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ വീഡിയോയ്ക്ക് താഴെ യുവതിക്കെതിരെയാണ് കമന്റുകളിൽ അധികവും വരുന്നത്.
കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ തനിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ സൈബർ ആക്രമണം. കൊച്ചിയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററാണ് ബേസിൽ അടുത്തിരുന്ന വയോധികനിൽ നിന്ന് തനിക്ക് ഉണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സാരി ധരിച്ച യുവതി ബസിൽ ഇരിക്കുന്നതും അതേ സീറ്റിൽ ഇരിക്കുന്ന മധ്യവയസ്‌കനായ സഹയാത്രികൻ വളരെ മോശമായി അവളെ നോക്കുന്നതും വീഡിയോയിൽ കാണാം.
തനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ വീഡിയോയ്ക്ക് താഴെ യുവതിക്കെതിരെയാണ് കമന്റുകളിൽ അധികവും വരുന്നത്. കുട്ടി ചെയ്തത് ശരിയല്ലെന്നും, റീച് കിട്ടാൻ വേണ്ടി മാത്രം ചെയ്തതായിട്ടാണ് തോന്നിയതെന്നും തുടങ്ങിയ കമന്റുകളാണ് വരുന്നത്. അവളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും, റീച്ചിന് വേണ്ടി അയാളുടെ കുടുംബം തന്നെ ഇല്ലാതാക്കി, ഇതിന് അവസരം ഉണ്ടാക്കി കൊടുത്തത് അവൾ തന്നെയല്ലേ, അയാൾ നോക്കുന്നത് അവൾ നന്നായി ആസ്വദിക്കുന്നുണ്ട് എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.
“പല സന്ദർഭങ്ങളിലും വസ്ത്രധാരണമാണ് പ്രശ്നമെന്ന് പറയാറുണ്ട്. അതുകൊണ്ടാണ് ഈ റീൽ ഞാൻ പോസ്‌റ്റ് ചെയ്യുന്നത്! ഈ വീഡിയോയിൽ ഞാൻ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഇനി പറയൂ, ഞാൻ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണോ കുഴപ്പം അതോ ആളുകൾ അത് എങ്ങിനെ കാണുന്നു എന്നതാണോ?” എന്നാണ് വീഡിയോയ്ക്ക് താഴെ യുവതി കുറിച്ചത്. ഇവർക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ALSO READ: ഓണം അമ്മാവൻ തൂക്കി…. ബസിൽ തനിക്കുനേരെയുണ്ടായ അതിക്രമത്തിൻറെ വിഡിയോ പങ്കുവച്ച് കണ്ടൻറ് ക്രിയേറ്റർ
എന്തുകൊണ്ടാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്ന ചോദ്യവും വ്യാപകമായി ഉയർന്നിരുന്നു. അതിന് മറുപടിയുമായി മറ്റൊരു വീഡിയോയും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ പ്രതികരിച്ചില്ല എന്ന് പലരും പറയുന്നു എന്നാൽ അങ്ങിനെയല്ലെന്നും താൻ പ്രതികരിച്ചപ്പോൾ അയാൾ ബേസിൽ നിന്നും ഇറങ്ങി പോയതായും യുവതി പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.