KSRTC Bus Plastic Bottle Issue: കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടി നേരിട്ട ഡ്രൈവര്‍ കുഴഞ്ഞുവീണു
KSRTC Bus Plastic Bottle Issue Driver Collapsed: പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫാണ് കുഴഞ്ഞുവീണത്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം നടന്നത്

ഡ്രൈവറെ ശകാരിക്കുന്ന മന്ത്രി
കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടപടി നേരിട്ട ഡ്രൈവര്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫാണ് കുഴഞ്ഞുവീണത്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം നടന്നത്. ഏതാനും ദിവസം മുമ്പ് മന്ത്രി ജയ്‌മോനെ വിമര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊല്ലം ആയൂരില്‍ വച്ചാണ് ജയ്‌മോന്‍ ഓടിച്ച ബസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.
ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക്ക് കുപ്പികള്‍ കണ്ടതിനെ തുടര്‍ന്ന് മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസ് വൃത്തിയായി സൂക്ഷിക്കണമെന്ന എംഡിയുടെ നോട്ടീസുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.
നടപടി എടുക്കുമെന്ന് പറഞ്ഞാണ് മന്ത്രി അവിടെ നിന്നും മടങ്ങിയത്.
ഔദ്യോഗിക വാഹനത്തില്‍ എത്തിയ മന്ത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ബസ് പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയാണ് പരിശോധന നടത്തിയത്. ജയ്‌മോനടക്കം മൂന്ന് പേര്‍ക്കെതിരെയായിരുന്നു നടപടി. എന്നാല്‍ മൂന്ന് പേര്‍ക്കെതിരെയുമെടുത്ത നടപടി കെഎസ്ആര്‍ടിസി എംഡി റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്കിടയിലെ അമര്‍ഷം കണക്കിലെടുത്താണ് നടപടി റദ്ദാക്കിയതെന്നാണ് സൂചന.