KSRTC: ഡീസൽ ബസ് പുത്തൻ ഇ-ബസാക്കും, ഇരുപത് മിനിറ്റിൽ ചാർജിങും; മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി
KSRTC diesel buses into Electronic bus: തിരുവനന്തപുരം - കൊട്ടാരക്കര , തിരുവനന്തപുരം - എറണാകുളം റൂട്ടിലായിരിക്കും പുതിയ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക. കായംകുളം, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ 400 കിലോവാട്ടിൻ്റെ പാൻ്റോഗ്രാഫിക് ചാർജിങ് സംവിധാനമൊരുക്കും.

അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗശൂന്യമായ കെഎസ്‌ആർടിസി ഡീസൽ ബസുകളെ ഇലക്ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആർടിസി. അനെർട്ടും കെഎസ്ആർടിസിയും തോഷിബ കമ്പനിയും സംയുക്തമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
എൻജിൻ, ഗിയർ ബോക്‌സ്, ട്രാൻസ്‌മിഷൻ സിസ്‌റ്റം എന്നിവ മാറ്റി ഇലക്‌ട്രിക് മോട്ടോർ, ബാറ്ററി, ബാറ്ററി മാനേജ്‌മെൻ്റ് സിസ്‌റ്റം, മോട്ടോർ കൺട്രോൾ യൂണിറ്റ് എന്നിവ സ്ഥാപിക്കും. ബസിൻ്റെ മുകൾ ഭാഗത്താണ് ചാർജിങ് സംവിധാനവും (പാൻ്റോഗ്രാഫിക് ചാർജിങ്) ഉണ്ടായിരിക്കും.
കൂടാതെ 10- 20 മിനിട്ടിൽ ചാർജ് ചെയ്യാനുള്ള ബാറ്ററിയും 400 കിലോവാട്ട് പാന്റോഗ്രാഫ് ചാർജിങ് സംവിധാനവും ഉണ്ടാകും. ആദ്യഘട്ടത്തിൽ മൂന്ന് ഇലക്‌ട്രിക് ബസുകളാണ് ഇത്തരത്തിൽ പുറത്തിറക്കുന്നത്. 200 കിലോവാട്ടിന്റെ പിഎംഎസ്‌എം മോട്ടോറും 100 – 150 കിലോവാട്ടിൻ്റെ എൽടിഒ ബാറ്ററിയുമടക്കം പവർ ട്രെയിൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം – കൊട്ടാരക്കര , തിരുവനന്തപുരം – എറണാകുളം റൂട്ടിലായിരിക്കും പുതിയ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക. കായംകുളം, എറണാകുളം, കൊട്ടാരക്കര എന്നിവിടങ്ങളിൽ 400 കിലോവാട്ടിൻ്റെ പാൻ്റോഗ്രാഫിക് ചാർജിങ് സംവിധാനമൊരുക്കും. ഡീസൽ ബസുകളെ ഇലക്‌ട്രിക് ബസുകളാക്കി മാറ്റാനുള്ള പരിശീലനം കെഎസ്‌ആർടിസി മെക്കാനിക്കൽ ജീവനക്കാർക്ക് നൽകുന്നതായിരിക്കും. കെഎസ്‌ആർടിസി വർക്ക്‌ഷോപ്പുകളിൽ നിന്ന് തന്നെയാകും ഇലക്‌ട്രിക് ബസുക്കളാക്കി മാറ്റുന്നത്.